പുണ്യം കിട്ടാൻ പണം ഭണ്ഡാരത്തിലിടേണ്ട, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയാൽ മതിയെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: പുണ്യം കിട്ടാൻ ഭണ്ഡാരത്തിൽ പണമിടുന്നതിന് പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാൽ മതിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കാട്ടാക്കടയിൽ അസിസ്റ്റന്റ് റജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പുണ്യം ആഗ്രഹിക്കുന്നവരാണ് നമ്മൾ. നന്മ നിറഞ്ഞ പ്രവൃത്തിയിലൂടെയേ ഇതു നേടാനാവു. നന്മയുള്ള പ്രവൃത്തി നടക്കുന്നിടത്തു ഈശ്വരസാന്നിധ്യമുണ്ടാകും. ഇതിനുവേണ്ടി ഭണ്ഡാരത്തിൽ കാണിക്കയിടുകയും തേങ്ങ ഉടയ്ക്കുകയുമല്ല വേണ്ടത്. പ്രളയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് നമ്മളാൽ കഴിയുന്നതു ചെയ്യുമ്പോഴാണ് പുണ്യം ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ പുനർ നിർമ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താൽ അതാണ് എറ്റവും നല്ല പുണ്യപ്രവർത്തിയെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.ശബരിമല വിഷയത്തിൽ വിശ്വാസങ്ങൾ ഹനിക്കാതെ കോടതിവിധി എങ്ങനെ നടപ്പാക്കാമെന്ന് ചിന്തിക്കുന്നതിനു പകരം വികാരപരമായി മുന്നോട്ടുവരാനാണ് ചിലർ ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. കോടതിവിധി നടപ്പിലാക്കുക എന്നുള്ളത് സർക്കാരിന്റെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.