ശബരിമല സംഘർഷം: കോടതി വിമർശനത്തെ മറികടന്ന് അറസ്റ്റ് തുടരുന്നു

തിരുവനന്തപുരം: ശബരി മല സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 3000 കടന്നു. വ്യാപക അറസ്റ്റിനെതിരെയുള്ള ഹൈക്കോടതിയുടെ വിമർശനത്തെ മറികടന്ന് പൊലീസ് അറസ്റ്റ് തുടരുകയാണ്. ഇത് വരെ 3,345 പേർ അറസ്റ്റിലായി. ഇന്നലെ മാത്രം 500ൽ ഏറെ പേർ പിടിയലായി. സംഘർഷവുമായി ബന്ധപ്പെട്ട് 517 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിരോധനാജ്ഞ ലംഘിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിക്കൽ, ഉദ്യോഗസ്ഥരെ കൃത്യനിർവ്വഹണത്തിൽ നിന്നും തടയൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പമ്പയിലും നിലയ്ക്കലിലും സംഘർഷമുണ്ടാക്കിയവരുടെ ലുക്ക ഔട്ട് നോട്ടീസ് പോലീസ് പുറത്ത് വിട്ടിരുന്നു. വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് അറസ്റ്റ് ചെയ്യേണ്ടവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചത്. സംഘർഷത്തിൽ ഉൾപ്പെട്ട 12 സ്ത്രീകൾക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. പ്രാർത്ഥന യോഗങ്ങളിലും ജാഥകളിലും പങ്കെടുത്ത സ്ത്രീകൾക്കെതിരെ നടപടി വേണ്ടെന്ന് ഇന്നലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകിയിരുന്നു.