കലാപത്തിന് ആഹ്വാനം; രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കലാപത്തിന് ആഹ്വാനം ചെയതു എന്ന കേസിനെ തുടർന്ന് രാഹുൽ ഈശ്വറിനെ പൊലീസ്  അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. രാഹുലിനെ പൊലീസ് എറണാകുളത്തേക്ക് കൊണ്ടു പോയി. സന്നിധാനത്ത് രക്തം വീഴ്ത്തി നട അടപ്പിക്കാൻ പദ്ധതിയിട്ടിരുന്നതായി വാർത്താ സമ്മേളത്തിൽ രാഹുൽ ഈശ്വർ വെളിപ്പെടുത്തിയിരുന്നു. രാഹുലിനെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള ആവശ്യപ്പെട്ടിരുന്നു.

രാഹുൽ ഈശ്വറിന്റെ വിവാദ പ്രസ്താവന രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ട പരാമർശമാണാണെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. എന്നാൽ പിന്നീട് രക്തം ചിന്താനുള്ള പദ്ധതി മറ്റ് ചിലർക്കായിരുന്നു എന്നും താൻ ഇടപെട്ട് അതു തടയുകയായിരുന്നുവെന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.

പമ്പയിലും സന്നിധാനത്തും വിശ്വാസികളെ തടഞ്ഞതിന് അറസ്റ്റിലായ രാഹുൽ ഈശ്വർ ഒരാഴ്ചയോളം ജയിലിൽ കഴിഞ്ഞതിന് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. കലാപത്തിന് ആഹ്വാനം നൽകി എന്നതുൾപ്പെടെ കൂടുതൽ ഗൗരവമുള്ള കുറ്റങ്ങൾ ചുമത്തിയാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. രാഹുലിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ തിരുവനന്തപുരം സ്വദേശി നൽകിയ പരാതിയിലിലാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.