ശബരിമല സ്ത്രീ പ്രവേശനം: വേണ്ടി വന്നാൽ സർക്കാറിനെ വലിച്ച് താഴെയിടാൻ മടിക്കില്ലെന്ന് അമിത് ഷാ

കണ്ണൂർ: സംസ്ഥാന സർക്കാർ അയ്യപ്പ ഭക്തന്മാരുടെ അവകാശങ്ങൾ അടിച്ചമർത്തുകയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. ആയിരക്കണക്കിന് ഭക്തരെ ജയിലടച്ചത് എന്തിന് വേണ്ടിയാണെന്ന് സർക്കാർ വ്യക്തമാക്കണം. വേണ്ടി വന്നാൽ സർക്കാരിനെ വലിച്ച് താഴെയിടാനും മടിക്കില്ല. ബി.ജെ.പിയുടെ ദേശീയ ശക്തി മുഴുവൻ ഭക്തർക്കൊപ്പം നിൽക്കും. സ്ത്രീ പുരുഷ സമത്വം നടപ്പിലാക്കേണ്ടത് ക്ഷേത്രങ്ങൾ വഴിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതികൾ നടപ്പാക്കാനാകുന്ന വിധി പറഞ്ഞാൽ മതിയെന്ന് അമിത് ഷാ പറഞ്ഞു.ഒരു മൗലികാവകാശം ഉറപ്പാക്കാൻ മറ്റൊരു മൗലികാവകാശം ഹനിയ്ക്കണമെന്ന് പറയാൻ കോടതിയ്ക്ക് എങ്ങനെ കഴിയുമെന്നും അമിത് ഷാ ചോദിച്ചു. അയ്യപ്പഭക്തരുടെ അവകാശങ്ങൾ അടിച്ചമർത്തുന്ന വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. സുപ്രീംകോടതി വിധിയുടെ ബലത്തിൽ ഇടത് സർക്കാർ ഭക്തരെ അടിച്ചമർത്തുകയാണ്. മുസ്ലിംപള്ളികളിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കരുതെന്നതുൾപ്പടെയുള്ള വിധികൾ ഈ നാട്ടിലെ സർക്കാർ നടപ്പാക്കിയിട്ടില്ലെന്നും ഇതൊന്നും നടപ്പാക്കാൻ കഴിയാത്ത സർക്കാർ എന്തുകൊണ്ട് ശബരിമല വിധി നടപ്പാക്കാൻ ആവേശം കാണിയ്ക്കുന്നുവെന്നും അമിത് ഷാ ചോദിച്ചു.