കുവൈത്തിൽ എയര്‍പോര്‍ട്ട് ടാക്‌സി ലൈസന്‍സ് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും

കുവൈറ്റ്‌: എയര്‍പോര്‍ട്ട് ടാക്‌സി ലൈസന്‍സ് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി കുവൈറ്റ്‌ ഗതാഗത വകുപ്പ്. ഇനിമുതൽ ടാക്‌സി സേവനത്തിനായുള്ള അപേക്ഷ സ്വദേശികള്‍ക്ക് മാത്രമേ സമര്‍പ്പിക്കുവാന്‍ സാധിക്കുകയുള്ളുവെന്ന്‌ ഗതാഗത വകുപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയേഗ് പറഞ്ഞു. അതോടൊപ്പം അപേക്ഷ നല്‍കുന്ന സ്വദേശിക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം, മാത്രവുമല്ല അപേക്ഷകന്റെ കുറ്റകൃത്യ പശ്ചാത്തലവും പരിശോധിച്ച ശേഷമെ ലൈസന്‍സ് നല്കൂവെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റിൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ. തൊഴിൽ രംഗത്ത്‌ കുവൈറ്റികളുടെ എണ്ണം വർധിപ്പിക്കാനും ചില തസ്തികകൾ സ്വദേശികൾക്ക് മാത്രമാക്കാനുമാണ് അധികൃതരുടെ നീക്കം. എല്ലാവർക്കും പൊതുമേഖലയിൽ ജോലി നൽകാൻ കഴിയില്ല എന്ന യാഥാർഥ്യമാണ് സ്വകാര്യ മേഖലയിലേക്ക് കൂടി സ്വദേശി വൽക്കരണം വ്യാപിപ്പിക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്.