ശബരിമല സർവ്വീസിന് പുത്തൻ പരിഷ്‌കാരങ്ങളുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പമ്പ നിലയ്ക്കൽ പാതയിൽ കെ.എസ്.ആർ.ടി.സി ചെയിൻ സർവ്വീസിൽ നിന്നും കണ്ടക്ടർമാരെ ഒഴിവാക്കും. ജീവനക്കാരുടെ ശമ്പളമടക്കമുള്ള പ്രവർത്തനച്ചെലവുകൾ കെ.എസ്.ആർ.ടി.സി ക്ക് നഷ്ടം വരുത്തുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് അധിക്യതരുടെ പുതിയ തീരുമാനം. സാധാരണ ഗതിയിൽ നിലയ്ക്കലിൽ നിന്നും യാത്ര തുടങ്ങിയാൽ പിന്നെ നിർത്തുന്നത് പമ്പയിൽ മാത്രമാണ്. ഈ സാഹചര്യത്തിലാണ് കണ്ടക്ടർമാരെ ഒഴിവാക്കാൻ തിരുമാനിച്ചിരിക്കുന്നത്. ഓൺലൈൻ വഴി ബുക്ക് ചെയ്ത് യാത്ര ഉറപ്പാക്കാവുന്ന സംവിധാനവും ഒരുക്കും. ഇൻസ്‌പെക്ടർ ടിക്കറ്റുകൾ പരിശോധിച്ച് യാത്രക്കാരെ ബസ്സിൽ കയറ്റും. യാത്രക്കാർക്ക് നേരിട്ട് ടിക്കറ്റെടുക്കാവുന്ന കിയോസ്‌കുകളും സജ്ജീകരിക്കും. ക്യൂ.ആർ കോഡുള്ള ടിക്കറ്റ് സംവിധാനമാകും ഒരുക്കുക. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പമ്പയിലും നിലയ്ക്കലിലും 15 പുതിയ ടിക്കറ്റ് കൗണ്ടറുകളും തുറന്നിട്ടുണ്ട്.

ഡെബിറ്റ, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റുകൾ എടുക്കാവുന്നതാണ്. പുതിയ സംവിധാനമുപയോഗിച്ച് മുൻകൂർ ടിക്കറ്റ് എടുത്ത് യാത്രക്കാർക്ക് ബസ്സിൽ കയറാം. അതേസമയം 10 ഇലക്ട്രിക് ബസ്സുകളും ഇത്തവണ ശബരിമലയിൽ സർവ്വീസിനിറങ്ങും. എ.സി, നോൺ എ.സി ബസ്സുകൾ 2 മിനുറ്റ് ഇട വിട്ട് പമ്പ നിലയ്ക്കൽ റൂട്ടുകളിൽ സർവ്വീസുകൾ നടത്തും. എ.സി ബസ്സുകൽക്ക് 70 രൂപയാണ് യാത്രാ നിരക്ക്. കൂടാതെ ശബരിമലയിൽ സർവ്വീസ് നടത്തുന്ന ബസ്സുകളിൽ ജി.പി.എസ് സംവിധാനവും ഏർപ്പെടുത്താൻ തീരുമാനമുണ്ട്. കെ.എസ്.ആർ.ടി.സിയുടെ പുതിയ സംവിധാനങ്ങൾ ശബരിമലയിലെത്തുന്ന ഭക്തജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരി പറഞ്ഞു.