വമ്പൻ ദീപാവലി ഓഫറുകളുമായി ബിഎസ്എൻഎൽ

ദീപാവലി ആഘോഷിക്കാൻ വൻ ഓഫറുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ. രാജ്യത്തെ ഏത് നെറ്റ്‌വർക്കിലേക്കും പരിധികളില്ലാതെ എസ്ടിഡി, ലോക്കൽ, റോമിംഗ് വോയ്‌സ്, വീഡിയോ കോളുകൾ നൽകുന്ന ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിദിനം വേഗ നിയന്ത്രണങ്ങൾ ഇല്ലാതെ രണ്ട് ജിബി ഡേറ്റയും 10 ദിവസം കാലാവധിയുള്ള സ്‌പെഷ്യൽ താരിഫ് വൗച്ചർ റീച്ചാർജ് ചെയ്യുന്നതിലൂടെ ലഭിക്കുമെന്നും ബിഎസ്എൻഎൽ അറിയിച്ചു.

നവംബർ ഏഴ് വരെ വിവിധ ബിഎസ്എൻഎൽ വേസനങ്ങളുടെ ബില്ലുകൾ അടയ്ക്കുന്നവർക്ക് പ്രത്യേക ഇളവും ഉത്സവകാല ഓഫറായി ലഭിക്കും. ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ്, എഫ്ടിടിഎച്ച്, വൈമാക്‌സ്, മൊബൈൽ, സിഡിഎംഎ സേവനങ്ങളുടെ ബില്ലുകൾ അടയ്ക്കുന്നവർക്ക് നികുതി ഒഴിച്ചുള്ള തുകയുടെ ഒരു ശതമാനമാണ് ഇളവ് ലഭിക്കുക. അടുത്ത അഞ്ച് മാസത്തെ തുക മുൻകൂറായി അടയ്ക്കുന്നവർക്ക് നികുതി ഒഴിച്ചുള്ള തുകയുടെ മൂന്ന് ശതമാനവും ഇളവ് ലഭിക്കും. ലീസ്ഡ് സർക്യൂട്ട് ബില്ലുകൾക്ക് നികുതി ഒഴിച്ച് രണ്ട് ശതമാനമാണ് ഇളവ്.