ഭക്ഷ്യ ഇടനാഴി പദ്ധതി വഴി ഇന്ത്യയിൽ രണ്ടുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് യുഎഇ

ദുബായ്: ഭക്ഷ്യ  ഇടനാഴി പദ്ധതി  വഴി ഇന്ത്യയിൽ രണ്ടുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് യുഎഇ. ഇത്‌ കർഷകർക്ക് ഗുണകരമാകുമെന്നും യുഎഇ സാമ്പത്തികകാര്യ മന്ത്രാലയത്തിലെ വാണിജ്യ-വ്യവസായ അണ്ടർ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ സാലെ. ദുബായിൽ നടന്ന നാലാമത് സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്നതിൽ 30 ശതമാനത്തോളം ഭക്ഷണം ദിവസവും പാഴാകുകയാണ്. ഇത് തടയാൻ ഫുഡ് പ്രോസസിങ് പാർക്കുകൾ, ശീതികരിച്ച സംഭരണികൾ, വെയർഹൗസുകൾ, മറ്റു സംവിധാനങ്ങൾ എന്നിവ സജ്ജമാക്കാനുള്ള നിക്ഷേപം യുഎഇ നടത്തും.

ഇന്ത്യയിൽനിന്ന് ഭക്ഷ്യവസ്തുക്കൾ വാങ്ങും. ഉത്പന്നങ്ങൾക്ക് മികച്ച വില കർഷകർക്ക്   ലഭിക്കുമെന്നും അബ്ദുള്ള അഹമ്മദ് അൽ സാലെ പറഞ്ഞു. യുഎഇ യും ഇന്ത്യയും തമ്മിലുള്ള വാണിജ്യ-വ്യാപാര ഇടപാടുകളുടെ വളർച്ചയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യയിലെ ഭക്ഷ്യമേഖലയിൽ അടുത്ത മൂന്നുവർഷത്തിനുള്ളിൽ 500 കോടി യു.എസ്.ഡോളറിന്റെ നിക്ഷേപം
യുഎഇ നടത്തുമെന്നും അബ്ദുല്ല അഹമ്മദ് അൽ സാലെ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും ഇരുനൂറിലേറെ പ്രതിനിധികൾ ഫോറത്തിൽ പങ്കെടുത്തു.