ഡ്വെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

വെസ്റ്റിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മുന്‍ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ചെങ്കിലും അഭ്യന്തര ടി-ട്വന്റി ലീഗ് മത്സരങ്ങള്‍ തുടര്‍ന്നും കളിക്കുമെന്ന് ബ്രാവോ പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ 2004ലാണ് വിന്‍ഡീസിനായി ബ്രാവോ അരങ്ങേറിയത്. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ടീമിലെത്തിയ ബ്രാവോയുടെ വളര്‍ച്ച ടി20യിലൂടെയായിരുന്നു. ബ്രാവോ വിന്‍ഡീസിനായി 40 ടെസ്റ്റും 164 ഏകദിനവും 66 20-ട്വന്റിയും കളിച്ചിട്ടുണ്ട്.

‘പതിനാല് വര്‍ഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുകയാണ്. പ്രൊഫഷണല്‍ ക്രിക്കറ്റ് തുടര്‍ന്നും കൂടുതല്‍ കാലം കളിക്കുന്നതിനായും, വരും തലമുറക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനായും തന്റെ മുന്‍ഗാമികള്‍ ചെയ്തതുപോലെ താനും വഴിമാറിക്കൊടുക്കുകയാണ്’ എന്ന് വിരമിക്കല്‍ കുറിപ്പില്‍ ബ്രാവോ വ്യക്തമാക്കി. താരത്തിന്റെ മീഡിയം ഫാസ്റ്റ് ബൌളിങ് ശ്രദ്ധേയമാണ്.  2016 ലാണ് ബ്രാവോ അവസാനമായി വിന്‍ഡിസ് കുപ്പായമണിഞ്ഞത്. ബോര്‍ഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന്ദേശീയ ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഇടവേളയിലാണ് ബ്രാവോ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.