മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്: സാധ്യതാപഠനത്തിന് കേന്ദ്രസർക്കാറിന്റെ അനുമതി

ഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതിനായി സാധ്യതാപഠനം നടത്താൻ കേരളത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഉപാധികളോടെ അനുമതി നൽകിയത്. പുതിയ അണക്കെട്ടിനുള്ള വിവരശേഖരണ നടപടികളുമായി കേരളത്തിന് മുന്നോട്ട് പോകാം. പക്ഷേ, പഠനത്തിന് അനുമതി നൽകിയതുകൊണ്ട് പരിസ്ഥിതി അനുമതിക്ക് അർഹമാണെന്ന് അർഥമില്ലെന്നും സമിതി വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് കേരളത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകുന്നത്. എന്നാൽ തമിഴ്‌നാടിന്റെ പ്രതിഷേധത്തെ തുടർന്ന് പഠനം നടത്താൻ സാധിച്ചിരുന്നില്ല. അന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത പഠനാനുമതിക്കെതിരെ കേന്ദ്രസർക്കാരിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പരിസ്ഥിതി മന്ത്രാലയം അനുമതി റദ്ദാക്കുകയായിരുന്നു.തുടർന്നാണ് കേരളം വീണ്ടും സാധ്യതാപഠനത്തിന് അനുമതി തേടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച മന്ത്രാലയത്തിലെ വിദഗ്ധ സമിതി സാധ്യതാപഠനത്തിന് അനുമതി നൽകാവുന്നതാണെന്ന് ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി.

ഉപാധികളോടെയാണ് മന്ത്രാലയത്തിലെ ഉന്നതതലസമിതി അണക്കെട്ട് നിർമാണത്തിനുള്ള വിവരശേഖരം നടത്താൻ പഠനാനുമതി നൽകിയത്. കേരളവും തമിഴ്‌നാടും സമവായമുണ്ടാക്കിക്കൊണ്ടുവേണം പുതിയ അണക്കെട്ട് നിർമിക്കാനെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു. തമിഴ്‌നാടിന്റെ സമ്മതത്തോടെ മാത്രമേ ഡാം നിർമാണത്തിന് അനുമതി നൽകൂ എന്നും പരിസ്ഥിതിമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാറിൽ 53.22 മീറ്റർ ഉയരത്തിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനാണ് കേരളത്തിന്റെ നീക്കം. എന്നാൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നീക്കത്തെ തമിഴ്‌നാട് എതിർക്കുകയാണ്. നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്നാണ് തമിഴ്‌നാട് വാദിക്കുന്നത്.