ഐ.വി ശശിയുടെ ഓർമ്മകൾക്ക് ഒരുവയസ്‌

അഭ്രപാളികളിൽ വിസ്മയം തീർത്ത കലാകാരൻ ഐ.വി ശശി വിടപറഞ്ഞിട്ട് ഒരുവർഷം തികയുന്നു. 2017 ഒക്ടോബർ 24ന് ആയിരുന്നു ഐ.വി ശശിയെന്ന അതുല്യ പ്രതിഭയെ മരണം കവർന്നെടുത്തത്‌.  അവളുടെ രാവുകളിലൂടെ പ്രേക്ഷക സമൂഹത്തിന്റെ അംഗീകാരത്തിന്റെ മുദ്ര പതിപ്പിച്ച ഐവി ശശി നൂറ്റൻപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു.

കലാ സംവിധായകനായി സിനിമയിലേക്കുള്ള പടി ചവിട്ടി കേറിയായിരുന്നു ഐവി ശശി ചലച്ചിത്ര ജീവിതത്തിന് തുടക്കം കുറിച്ചത്. മലയാള സിനിമയിൽ വലിയ ക്യാൻവാസിൽ ചിത്രീകരണം നടത്തിയ ബഹുമതിയും ഐവി ശശിക്ക് സ്വന്തം. അങ്ങാടി, അതിരാത്രം, അനുഭൂതി, ആരൂഢം, അപാരത ആവനാഴി തുടങ്ങി ‘അ’ എന്ന അക്ഷരത്തിൽ ഏറ്റവും കൂടുതൽ സിനിമാ പേര് നൽകി നൽകിയ സംവിധായകനും കൂടിയായിരുന്നു ഐവി ശശി.

കുടുംബ ബന്ധങ്ങളുടെ കഥയും രാഷ്ട്രീയവുമെല്ലാം ബിഗ് സ്ക്രീനിൽ പോലെ കാട്ടിത്തന്നതായിരുന്നു ഐവി ശശി എന്ന ചിത്രകാരന്റെ സവിശേഷത. കലാമൂല്യവും ജനകീയതയും ഒത്തു ചേർന്ന ചിത്രങ്ങളായ മൃഗയക്കും ആരൂഢത്തിനും സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും. ആരൂഢത്തിന് ദേശീയ പുരസ്‌കാരവും ശശിയെ തേടിയെത്തിയത് പതിവ് സിനിമകളിൽ നിന്നു വേറിട്ടുള്ള പുത്തൻ നിർമ്മിതിക്കുള്ള അംഗീകാരമായി. പഴയ കാലത്തെ യുവാക്കളുടെ ഹരമായിരുന്ന ജയനെ വച്ച് അങ്ങാടി എടുക്കുമ്പോഴും കമൽ ഹാസനെ വച്ച് ഈറ്റയെടുക്കുമ്പോഴും പ്രകൃതിയുടെയും അഭിനയത്തിന്റെയും മാസ്മരിക ദൃശ്യങ്ങളെ കാട്ടിത്തരാൻ ഐവി ശശിക്ക് കഴിഞ്ഞു.  ഇതു കൊണ്ടൊക്കെ തന്നെയാണ് തീയേറ്ററുകളിൽ സംവിധായകന്റെ പേര് ടൈറ്റിലിൽ തെളിയുമ്പോൾ നായകന് ലഭിക്കാത്ത കൈയ്യടി ഐവി ശശിക്കായത്. 69-ാം വയസിൽ ജീവിതത്തിന്റെ സ്‌ക്രീനിൽ നിന്നും കട്ട് പറയുമ്പോൾ മലയാള സിനിമയും പ്രേക്ഷകനും സംവിധായകന്റെ ക്യാപ്പോടെ എന്നും ഐവി ശശി ഓർമ്മകളിൽ ചേർക്കും.