ശബരിമല സ്ത്രീ പ്രവേശനം: വൈക്കത്ത്‌ സിപിഎം-ആർഎസ്എസ് സംഘർഷം; ഇന്ന് ഹർത്താൽ

വൈക്കം: ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച്‌ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട വിദ്യാർഥിനിയെ മർദിച്ച സംഭവത്തെ തുടർന്ന്‌ സിപിഎം പ്രവർത്തകർ വൈക്കത്ത്‌ നടത്തിയ പ്രകടനത്തിനിടെ  സിപിഎം- ആർഎസ്എസ് സംഘർഷം. സംഘര്‍ഷത്തെ തുടര്‍ന്ന് ബി ജെ പി ഇന്ന് വൈക്കം താലൂക്കിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. തിങ്കളാഴ്ചയാണ് അയൽക്കാരനായ യുവാവും അമ്മയും ചേർന്ന് വിദ്യാർഥിനിയെ  മർദിച്ചത്. ഇതിൽ പ്രതിഷേധിച്ച് എൽഡിഎഫ് നഗരത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.

ഇതിനിടെ ആർ എസ് എസ് കാര്യാലയത്തിന് നേരെ കല്ലേറുണ്ടായെന്ന് ബിജെപിയും ജാഥയ്ക്ക് നേരെ കല്ലെറിയുകയായിരുന്നെന്ന് സിപിഎമ്മും ആരോപിച്ചു. സ്ഥലത്തെത്തിയ പൊലീസ് ജീപ്പിനു നേരെയും കല്ലേറുണ്ടായി. കല്ലേറിൽ പൊലീസ് ജീപ്പിന്റെ ചില്ല് തകർന്നു. ആക്രമണത്തിൽ നാല് ബി ജെ പി പ്രവർത്തകർക്കും ഒരു വഴി യാത്രക്കാരനും പരിക്കേറ്റു.