നവകേരള നിർമ്മാണം: പ്രത്യേക ഏജൻസി രൂപീകരിക്കണെമന്ന് നിർദ്ദേശം

തിരുവനന്തപുരം: കേരള പുനർനിർമാണ പ്രവർത്തനങ്ങളുടെ നിർവഹണത്തിന് പ്രത്യേക ഏജൻസിയെ രൂപീകരിക്കണമെന്ന് ശുപാർശ. പ്രത്യേക ഏജൻസി രൂപീകരിക്കുന്നതിലൂടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

സിയാൽ മാതൃകയിൽ ഏജൻസി രൂപീകരിക്കാനാണ് നീക്കം. ഇന്നലെ ചേർന്ന കേരള പുനർനിർമ്മാണത്തിന്റെ ഉപദേശകസമിതിയുടെ യോഗത്തിലാണ് ഏജൻസി വേണമെന്ന നിർദേശം മുന്നോട്ട് വച്ചത്. ചുരുങ്ങിയ കാലയളവിൽ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കാൻ പ്രത്യേക ഏജൻസിയിലൂടെ കഴിയുമെന്നാണ് യോഗത്തിൽ സമർപ്പിച്ച കരട് രേഖയിൽ വ്യക്തമാക്കുന്നത്. നേരത്തെ ദുരന്തമുണ്ടായ പല രാജ്യങ്ങളിലും ഇത്തരം ഏജൻസികളിലൂടെയാണ് പുനർ നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുള്ളത്. നിർമ്മാണ പദ്ധതികളുടെ ആസൂത്രണം, നിർവഹണം, ഏകോപനം, മേൽനോട്ട ചുമതലകൾ ഏജൻസിക്ക് കൈമാറണം. സിയാൽ, കൊച്ചി മെട്രൊ, ഗുജറാത്ത് ഡിസാസ്റ്റർ മിറ്റിഗേഷൻ അഥോറിറ്റി തുടങ്ങിയ ഇന്ത്യയിലെ വിജയമാതൃകകളെയും ന്യൂസിലാൻഡ്, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യാന്തര മാതൃകളും രേഖയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥനെ ഏജൻസിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിക്കണമെന്നും വിദഗ്ധരായ പ്രൊഫഷണലുകളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കണമെന്നും ശുപാർശയുണ്ട്.