ശബരിമലയിൽ വിശ്വാസികൾക്കൊപ്പമെന്ന് ദേവസ്വം ബോർഡ്; സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകുന്നതിനെ കുറിച്ച് നാളെ തീരുമാനിക്കും

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിശ്വാസികൾക്കൊപ്പമെന്ന് ദേവസ്വം ബോർഡ്. വിഷയത്തിൽ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഇടപെടുമെന്നതിനെക്കുറിച്ചുള്ള ചർച്ച തുടരുകയാണ്. കോടതിയിൽ ഏത് രീതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടാകുമെന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു.

അതേസമയം ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ പറഞ്ഞു. നാളത്തെ യോഗത്തിനുശേഷം ദേവസ്വം കമ്മീഷണർ ഡൽഹിക്ക് പോകും. ആചാരാനുഷ്ഠാനങ്ങൾക്ക് തടസ്സം വരാത്ത രീതിയിലുള്ള ഇടപെടൽ ഉണ്ടാകും എന്നും പത്മകുമാർ കൂട്ടിച്ചേർത്തു. നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. തന്ത്രികുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റെയും അഭിപ്രായങ്ങൾ കൂടി റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണമെന്നാണ് ഇപ്പോഴത്തെ അഭിപ്രായമെന്നും പത്മകുമാർ വ്യക്തമാക്കി.