നിറ കണ്ണുകളോടെ ഐ.ജി ശ്രീജിത്ത് അയ്യപ്പ സന്നിധിയിൽ

സന്നിധാനം: അയ്യപ്പ സന്നിധിയിൽ വികാരാധീതനായി ഐ.ജി ശ്രീജിത്ത്. തന്റെ നിസഹായാവസ്ഥയിൽ സ്ത്രീകളെ മലകയറ്റാൻ തുനിഞ്ഞതിനുള്ള മാപ്പപേക്ഷയായി ആണ് അയ്യപ്പ ഭക്തർ ഇതിനെ വിലയിരുത്തുന്നത്. വിശ്വാസം മാറ്റി വെച്ച് കടുത്ത മാനസിക സംഘർഷത്തോടെ തന്റെ കൃത്യം നിർവഹിച്ചതിനുള്ള പ്രായശ്ചിത്തമാണ് ഇതെന്നാണ്് ഭക്തരുടെ അഭിപ്രായം.

ശ്രീജിത്ത് സാധാരണ ഭക്തനെ പോലെ ശബരിമലയിൽ നിറഞ്ഞൊഴുകുന്ന മിഴികളോടെ സന്നിധാനത്ത് ദർശനം നടത്തുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇന്ന് പുലർച്ചെയാണ് ശ്രീജിത്ത് സന്നിധാനത്തെത്തി ദർശനം നടത്തിയത്. ഭക്തർക്കിടയിൽ നിന്ന് കൈകൾ കൂപ്പി നിന്ന് പ്രാർത്ഥിക്കുന്ന ശ്രീജിത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ചുംബന സമരത്തിലൂടെ ശ്രദ്ധേയയായ വിമെൻ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയും ഹൈദരാബാദിൽ നിന്നുള്ള മോജോ ടി.വി റിപ്പോർട്ടർ കവിതയും ശനിയാഴ്ച ശബരിമലയിൽ ദർശനത്തിനായി എത്തിയിരുന്നു. ഇവരെ സന്നിധാനത്തെത്തിക്കാനുള്ള സംരക്ഷണച്ചുമതല ഐ.ജി ശ്രീജിത്തിനായിരുന്നു.

ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം യുവതികളെ നടപ്പന്തലിൽ വരെയെത്തിച്ചിരുന്നെങ്കിലും പ്രതിഷേധം കനത്തതോടെ സന്നിധാനത്തെത്താനുള്ള ശ്രമം യുവതികൾ ഉപേക്ഷിക്കുകയായിരുന്നു. നടപ്പന്തലിലെ പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ഐ.ജി ശ്രമിച്ചിരുന്നു. മറ്റ് വിശ്വാസകളെ പോലെ ഞാനും ഭക്തനാണ്. എന്നാൽ, സുപ്രീം കോടതി വിധിപ്രകാരം നിയമം നടപ്പാക്കേണ്ട ഉത്തരവാദിത്വം പൊലീസിനുണ്ട്. നിങ്ങളുടെ വിശ്വാസം മാത്രമല്ല സംരക്ഷിക്കേണ്ടതെന്നും ഐ.ജി പ്രതിഷേധക്കാരോട് വ്യക്തമാക്കിയിരുന്നു. നിയമം നടപ്പാക്കേണ്ട ബാദ്ധ്യതയുള്ളതിനാലാണ് താൻ അവർക്ക് സുരക്ഷ ഒരുക്കിയതെന്നും ഐ.ജി പറഞ്ഞു.