ശബരിമല വിഷയത്തിൽ നിയമ നിർമ്മാണം നടത്തേണ്ടത് കേന്ദ്ര സർക്കാർ; രമേശ് ചെന്നിത്തല

തിരുവനതപുരം: ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ ഓർഡിനൻസ് ഇറക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിന് കേരളം നിയമസഭ വിളിക്കേണ്ടതില്ല. സ്ത്രീ പ്രവേശനത്തിൽ തന്ത്രിമാരെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും പന്തളം രാജകുടുംബത്തിനും തന്ത്രി കുടുംബത്തിനും പൂർണ്ണ പിന്തുണ നൽകുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.

കേരളം ആവശ്യപ്പെട്ടാൽ മാത്രം ഓർഡിനൻസ് എന്ന കേന്ദ്രത്തിന്റെ നിലപാട് തെറ്റാണ്. ബിജെപി പ്രസിഡന്റ് പി. ശ്രീധരൻപിള്ളയ്ക്ക ഭരണഘടന അറിയാത്തതു കൊണ്ടാണ് കേരളം ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെടുന്നത്. ഓർഡിനൻസ് ഇറക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണ്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബി.ജെ.പി സംസ്ഥാന ഘടകം കേന്ദ്രത്തോട് സമ്മർദ്ദം ചെലുത്തണമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

അതേസമയം സേളാർ നിറവും മണവും പോയ കേസാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബ്രൂവറിയിലും ശബരിമലയിലും നഷ്ടപ്പെട്ട പ്രതിഛായ മറയ്ക്കാനാണ് സർക്കാർ സോളാർ കേസിലൂടെ ശ്രമിക്കുന്നതെന്നും കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.