മീ ടു: നടൻ അർജുൻ സർജക്കെതിരെയും ആരോപണം

തെന്നിന്ത്യന്‍ നടൻ അര്‍ജുനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി കന്ന‍ട നടി ശ്രുതി ഹരിഹരൻ സിനിമ ചിത്രീകരണത്തിനിടെ അര്‍ജുനില്‍നിന്ന് നേരിട്ട  അനുഭവം ഫെയ്സ്ബുക്കു വഴിയാണ് താരം തുറന്നുപറഞ്ഞത്. അര്‍ജുന്റെ 150–ാം ചിത്രം നിപുണനിലെ സെറ്റിലെ സംഭവങ്ങളാണ് ശ്രുതി തുറന്നെഴുതിയത്. സിനിമയില്‍ അര്‍ജുന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് ശ്രുതി ചെയ്തത്.

സിനിമയിലെ റൊമാന്റിക് സീന്‍ അഭിനയിക്കുന്നതിനു മുന്നോടിയായി റിഹേഴ്സല്‍ നടത്തവെ നടന്‍ അനുമതിയില്ലാതെ ശരീരത്തോട് ചേര്‍ത്തുപിടിച്ചെന്നും ശ്രുതി പറയുന്നു. “അമ്പതിലേറെ പേര്‍ സെറ്റില്‍ നോക്കിനില്‍ക്കെയാണ് സംഭവം. അര്‍ജുന്റെ സിനിമകള്‍ കണ്ട് വളര്‍ന്ന ആളാണ് ഞാന്‍. അദ്ദേഹത്തിനൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരം വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. സിനിമയില്‍ റിയലിസം വേണം. പക്ഷേ, പ്രൊഫഷണലായ സമീപനമല്ല ഉണ്ടായത്. അപ്പോള്‍ എന്തുപറയണമെന്നുപോലും അറിയാതെ നില്‍ക്കേണ്ടിവന്നു എനിക്ക്”. എന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച് അര്‍ജുൻ രം​ഗത്തുവന്നു ശ്രുതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും കരിയറില്‍ ഇത്തരം ആരോപണം നേരിടേണ്ടിവരുന്നത് ആദ്യമാണെന്നും അര്‍ജുനന്‍ കന്ന‍ട ചാനലിന് അനുവ​ദിച്ച അഭിമുഖത്തില്‍ പറഞ്ഞു. നടിയും നര്‍ത്തകിയുമായ നിവേദിതയാണ് അര്‍ജുന്റെ ഭാര്യ.