യു.എ.ഇയിൽ പുതിയ വിസ പരിഷ്കരണം ഇന്ന് മുതൽ

ദുബായ്‌: യു.എ.ഇയിൽ സമഗ്രമായ രീതിയിലുള്ള വിസ പരിഷ്കരണം ഇന്ന് മുതൽ നിലവിൽ വന്നു. സന്ദർശക, ടൂറിസ്റ്റ് വീസയിൽ എത്തിയവർക്ക് രാജ്യം വിടാതെ തന്നെ വിസ പുതുക്കാൻ കഴിയുന്ന സംവിധാനവും ഇതിലുൾപ്പെടും. 18 കഴിഞ്ഞ മക്കളെ മാതാപിതാക്കളുടെ സ്പോൺസർഷിപ്പിൽ നിന്ന് മാറ്റണമെന്ന നിബന്ധനയിലാണ് ഇളവ്. നിലവില്‍ യുഎഇയില്‍ പുതിയ വീസയ്ക്ക് അപേക്ഷിക്കാൻ നിലവിൽ വീസാ കാലാവധി തീരുന്നതിന് മുൻപ് രാജ്യം വിട്ടശേഷമേ സാധിക്കൂ. ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം അനുസരിച്ച് സമയ ധന നഷ്ടമില്ലാതെ വീസ മാറാം.

ഇനി മുതൽ  തുടർച്ചയായി രണ്ടു തവണ രാജ്യം വിടാതെ പുതിയ വിസ എടുക്കാനോ കാലാവധി നീട്ടാനോ സാധിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് അതോറിറ്റിയുടെ വിദേശകാര്യ വിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സഈദ് റക്കൻ അൽ റാഷിദി വാർത്താ സമ്മേളനത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്.സന്ദർശക വീസാ കാലാവധിക്കുശേഷം രാജ്യം വിടാതെ പുതിയ വീസ എടുക്കാനോ പുതുക്കാനോ സാധിക്കുമെന്നതാണ് പ്രത്യേകത. യുഎഇയിലെ സന്ദർശകർക്കും സഞ്ചാരികൾക്കും വിധവകൾക്കും വിവാഹമോചിതർക്കും വിദ്യാർഥികൾക്കും ഏറെ ആശ്വാസം പകരുന്നതാണ് പുതിയ നിയമം.