ശബരിമല സ്ത്രീ പ്രവേശനം: ക്ഷേത്രം അടച്ചിടാൻ അവകാശമുണ്ടെന്ന് പന്തളം കൊട്ടാരം

പന്തളം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടാൻ അവകാശമുണ്ടെന്ന് പന്തളം കൊട്ടാരം. വേണ്ടി വന്നാൽ അടുത്തഘട്ട പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ അറിയിച്ചു. വിഷയത്തിൽ ദേവസ്വം ബോർഡിനെതിരെയും പന്തളം കൊട്ടാരം രൂക്ഷമായ വിമർശനം ഉന്നയിച്ചു. മല കയറാനെത്തിയ സ്ത്രീകൾ വിശ്വാസത്തോടെ വന്നവരല്ലെന്നും പരിഹാരം പന്തളം കൊട്ടാരത്തിന് അറിയാമെന്നും ശശികുമാര വർമ്മ പറഞ്ഞു. നിലയ്ക്കലിലെ പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ശശികുമാര വർമ്മ അറിയിച്ചു.

ശബരിമലയിലെ സ്ത്രീ പ്രവേശനം തടയാൻ സംസ്ഥാന സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ക്ഷേത്രം അടച്ചിടും അതിനുള്ള അധികാരം കൊട്ടാരത്തിനുണ്ട്. സുപ്രീംകോടതി വിധി ചോദ്യം ചെയ്യാനാകില്ലെന്ന ദേവസ്വം ബോർഡിൻറെ നിലപാട് തെറ്റാണ്. 1949 ൽ തിരുവിതാംകൂർ രാജാവുമായി കേന്ദ്ര സർക്കാർ ഒപ്പിട്ട കവനൻറ് ഉടമ്പടി പ്രകാരം രാജകൊട്ടാരത്തിന് ക്ഷേത്രം അടച്ചിടാനുള്ള അധികാരമുണ്ട്. വേണ്ടി വന്നാൽ അത്തരത്തിലുള്ള പ്രധിഷേധങ്ങളിലേക്ക് കടക്കുമെന്നും ശശികുമാര വർമ്മ നിലപാടറിയിച്ചു.