നിരാഹാരം തുടരുന്നു; രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റി

കൊട്ടരക്കാര: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കലാപത്തിന് ശ്രമിച്ചു എന്ന കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വറിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്‌ ആശുപത്രിയിലേക്ക് മാറ്റി. രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതി തള്ളിയിരുന്നു. അതിന് പിന്നാലെയാണ്‌ രാഹുലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റുന്നത്.

14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത രാഹുല്‍ കൊട്ടാരക്കര സബ് ജയിലിലാണുള്ളത്. ജയിലില്‍ രാഹുല്‍ നിരാഹാരം കിടക്കുകയാണെന്ന് കുടുംബംകോടതിയെ അറിയിച്ചിരുന്നു. നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേരുക, പൊലീസിന്റെ കര്‍ത്തവ്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിനെതിരെ കേസെടുത്തത്. അതേസമയം കേസ് തിങ്കളാഴ്ച്ച കോടതി പരിഗണിക്കും.