സരിതയുടെ ലൈംഗീകാരോപണം: പുതിയ സംഘത്തിന് അന്വേഷണ ചുമതല

തിരുവനന്തപുരം: യു.ഡി.എഫ് നേതാക്കൾക്കെതിരെ ഗുരുതരമായ ലൈംഗീകാരോപണങ്ങളുമായി വീണ്ടും സോളാർ കേസ്. സരിതയുടെ ലൈംഗീകാരോപണത്തിൽ ഉമ്മൻചാണ്ടിക്കും കെ.സി. വേണുഗോപാലിനും എതിരെ പൊലീസ് കേസെടുത്തിരുന്നു. സരിത എസ്.നായരുടെ ലൈംഗികാരോപണം അന്വേഷിക്കാൻ പുതിയ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എസിപി അബ്ദുൾ കരീം അന്വേഷണ സംഘത്തലവൻ. നേരത്തേ അന്വേഷണ ചുമതലയുണ്ടായിരുന്ന എസ് പി രാജീവനെയും ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയെയും ഒഴിവാക്കി. പുതിയ ആരോപണങ്ങളിൽ കൂടുതൽ യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുത്തേക്കുമെന്നാണ് സൂചന.

ഉമ്മൻചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനാണ് കേസ് എടുത്തിട്ടുള്ളത്. സരിതാ നായർ പ്രത്യേക അന്വേഷണസംഘത്തിന് നൽകിയ
പരാതിയുടെ അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടിക്കും കെ.സി. വേണുഗോപാലിനുമെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.

ബലാത്സംഗ പരാതിയിൽ സരിതയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. പക്ഷെ ഒരു പരാതിയിൽ നിരവധിപ്പേർക്കെതിരെ ബലാൽസംഗത്തിന് കേസെടുക്കാനാകില്ലെന്ന് അന്വേഷണസംഘം അറിയിച്ചു. ഇതേതുടർന്നാണ് പ്രത്യേകം പ്രത്യേകം പരാതികളിൽ കേസെടുക്കുന്നതിൽ നിയമ തടസ്സമില്ലെന്ന് പൊലീസിന്റെ നിയമോപദേശം ലഭിച്ചത്. ഇതിന് പിന്നാലെയാണ് സരിത ഓരോരുത്തർക്കുമെതിരെ പ്രത്യേകം പരാതികളുമായായി പൊലീസിനെ സമീപിക്കുകയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരെ എഡിജിപി അനിൽ കാന്തിന് പ്രത്യേകം പരാതികളാണ് നൽകിയിട്ടുള്ളത്.

ഈ പരാതിയിൽ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉമ്മൻ ചാണ്ടിക്കും വേണഗോപാലിനും പുറമെ മുൻമന്ത്രി എപി അനിൽകുമാർ, ബഷീർ ആലി തങ്ങൾ എന്നിവർക്കെതിരെയും സരിത ആദ്യ പരാതിയിൽ ആരോപണം ഉന്നയിച്ചിരുന്നു. ഇവർക്കെതിരെയും സരിത പ്രത്യേകം പരാതി നൽകുമെന്നാണ് റിപ്പോർട്ട്.