ആചാരലംഘനം നടന്നാൽ നടയടയ്ക്കുന്നതിൽ തെറ്റില്ല; തന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ച് മേൽശാന്തി

പത്തനംതിട്ട: ആചാരം ലംഘിച്ചാൽ നടയടക്കുമെന്ന തന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ച് മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരി. ആചാരലംഘനം നടന്നാൽ ശബരിമല നടയടച്ചിടുമെന്ന കണ്ഠരര് രാജീവരുടെ പ്രസ്താവനയിൽ തെറ്റില്ലെന്നാണ് മേൽശാന്തി പറഞ്ഞത്.

നടയടച്ചിടാൻ തന്ത്രിക്ക് അവകാശമുണ്ടെന്ന വ്യക്തമാക്കിയ മാളികപ്പുറം മേൽശാന്തി പരികർമ്മികളുടെ സമരത്തിനും പിന്തുണ അറിയിച്ചു. പരികർമ്മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം ഉണ്ടാക്കിയിട്ടില്ലെന്നും ആർക്കെതിരെയും നടപടിയെടുക്കാൻ ദേവസ്വം ബോർഡിന് കഴിയില്ലെന്നും അനീഷ് നമ്പൂതിരി വ്യക്തമാക്കി. സ്ത്രീകൾ പ്രവേശിച്ചാൽ നടയടക്കുമെന്ന തന്ത്രിയുടെ നിലപാടിനെ ദേവസ്വം ബോർഡംഗം കെ.പി ശങ്കർദാസ് നേരത്തേ വിമർശിച്ചിരുന്നു. ആചാരങ്ങൾ ലംഘിച്ചാൽ നടയടയ്ക്കുമെന്ന കണ്ഠരര് രാജീവരുടെ സമീപനത്തോട് യോജിപ്പില്ലെന്നാണ് ശങ്കർദാസ് പ്രതികരിച്ചത്. പരികർമികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം വരുത്തി എന്നും അദ്ദേഹം വിമർശിച്ചു. പന്തളം കൊട്ടാരം പറയുന്നത് തന്ത്രി അനുസരിക്കണമെന്നില്ലെന്നും ശങ്കർദാസ് പറഞ്ഞു.

സുപ്രീംകോടതി വിധി അംഗീകരിക്കാൻ തന്ത്രിക്കും ബാധ്യതയുണ്ട് പൂജയിൽ മേൽശാന്തിമാരെ സഹായിക്കാൻ വേണ്ടിയാണ് പരികർമ്മികളുള്ളത്. അവരുടെ ജോലി സമരം ചെയ്യലല്ലെന്നും അവരോട് വിശദീകരണം ചോദിച്ചുട്ടുണ്ടെന്നും ശങ്കർഗാസ് കൂട്ടിച്ചർത്തു..