ശബരിമലയിലെ സ്ഥിതി മോശം; ദേവസ്വം ബോർഡ് വീണ്ടും സുപ്രീംകോടതിയിലേക്ക്

സന്നിധാനം: ശബരിമലയിയിൽ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വംബോർഡ്. നേരത്തേ ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി തന്നെ വീണ്ടും ബോർഡിനായി ഹാജരാകും. ശബരിമലയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് കോടതിയെ ധരിപ്പിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു.

ഇവിടത്തെ സ്ഥിതി ഇപ്പോൾ മോശമാണ്. ഇവിടത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ദേവസ്വംബോർഡിന് ആഗ്രഹമില്ല. കേസിൽ ദേവസ്വംബോർഡ് ഇടപെടാൻ തന്നെയാണ് തീരുമാനം. ശബരിമലയിലെ ആചാരങ്ങൾ തൽസ്ഥിതിപ്രകാരം തന്നെ തുടരണമെന്നാണ് ബോർഡിൻറെ ആവശ്യം. ഏത് രീതിയിൽ കോടതിയെ സമീപിക്കണമെന്ന് മനു അഭിഷേക് സിംഗ്‌വിയുമായി വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ശബരിമലയുമായി ബന്ധപ്പെട്ട കക്ഷികളുടെ യോഗം വിളിയ്ക്കുമെന്നും എ.പത്മകുമാർ പറഞ്ഞു. സമരം അവസാനിപ്പിയ്ക്കാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പദ്മകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.