ശബരിമലയെ സംഘർഷ ഭൂമിയാക്കരുതെന്ന് കോടിയേരി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ശബരിമലയെ സംഘർഷഭൂമിയാക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ ഇടത് പക്ഷം വിശ്വാസത്തിന് എതിരല്ല. വിശ്വാസത്തെ ബാധിക്കാത്ത വിധം വിധി നടപ്പാക്കണം എന്നാണ് പാർട്ടിയുടെ നിലപാട്. സുപ്രീംകോടതി വിധി നടപ്പിലാക്കനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും കോടിയേരി പറഞ്ഞു.

ശബരിമലയിൽ പോലിസിനെ നിർവീര്യമാക്കാൻ ശ്രമം നടക്കുന്നു. ബി.ജെ.പി പോലിസിൽ വർഗ്ഗീയ ചേരിതിരിവുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമമുണ്ടായെന്നും ഇപ്പോഴത്തെ സമരം വിശ്വാസം രക്ഷിക്കാനല്ലെന്നും ഉദ്ദേശ്യം രാഷ്ട്രീയമാണെന്നും കോടിയേരി ആരോപിച്ചു. കോൺഗ്രസ്സും ബി.ജെ.പിയും ഇത് വരെ കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയിട്ടില്ല. വിശ്വാസികളെ ഇളക്കി വിടുന്നത് കലാപമുണ്ടാക്കാനാണെന്നും നിയമം വഴി പ്രശ്‌നം നേരിടുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.