യുവതികൾ മലയിറങ്ങുന്നു; പ്രതിഷേധം അവസാനിപ്പിച്ച് പരികർമ്മികൾ

സന്നിധാനം: വൻ പൊലിസ് സുരക്ഷയിൽ സന്നിധാനത്തേക്ക് പുറപ്പെട്ട യുവതികൾ മലയിറങ്ങാനുളള സന്നദ്ധതയറിച്ചു. തിരിച്ചു പോകാതെ നിവൃത്തിയില്ലെന്നാണ് രെഹന ഫാത്തിമ വ്യക്തമാക്കി. നടപ്പന്തൽ വരെ എത്തിയ യുവതികൾ സമരക്കാരുടെ കനത്ത പ്രതിഷേധത്തെത്തുടർന്നാണ് തിരിച്ചുപോകാനൊരുങ്ങുന്നത്. എറണാകുളം സ്വദേശി രഹ്ന ഫാത്തിമയും മാധ്യമപ്രവർത്തകയായ ആന്ധ്ര സ്വദേശിനി കവിതയുമാണ് കനത്ത പൊലിസ് സുരക്ഷയിൽ മലയിറങ്ങുന്നത്.

ഐജി ശ്രീജിത്തിൻറെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസുദ്യോഗസ്ഥരുടെ സുരക്ഷയിലായിരുന്നു യുവതികൾ രാവിലെ മല കയറിത്തുടങ്ങിയത്. ഇന്നലെ രാത്രിയാണ് ഇവർ പൊലീസിനെ കണ്ട് മല കയറണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഇന്നലെ രാത്രി മല കയറാൻ ഒരു കാരണവശാലും അനുവദിയ്ക്കില്ലെന്ന നിലപാടിലായിരുന്നു പൊലീസ്.

രാവിലെ ഏഴ് മണിയോടെ പോലിസ് സന്നാഹത്തോടൊപ്പം മല കയറ്റം തുടങ്ങിയെങ്കിലും നടപ്പന്തലിലെത്തിയപ്പോഴേയ്ക്കും കനത്ത പ്രതിഷേധമുണ്ടാവുകയായിരുന്നു. സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് കീഴെ പൂജകൾ നിർത്തിവച്ച് പരികർമ്മികൾ കൂടി പ്തിഷേധത്തിനിറങ്ങുകയായിരുന്നു. അനുനയത്തിന് പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് സർക്കാരിൻറെ കർശനനിർദേശത്തെത്തുടർന്ന് പൊലീസ് ഇവരെ തിരികെക്കൊണ്ടുവരാൻ തീരുമാനിച്ചത്. ഒടുവിൽ മലയിറങ്ങാമെന്ന് യുവതികൾ സമ്മതമറിയിച്ചതോടെ പരികർമ്മികൾ പ്രതിഷേധം അവസാനിപ്പിച്ചു.