മലയിറങ്ങാൻ തയ്യാറാവാതെ രെഹന; പൂജകൾ നിർത്തി പ്രതിഷേധവുമായി പരികർമ്മികൾ

സന്നിധാനം: മലയിറങ്ങാൻ തയ്യാറാവാതെ കൊച്ചി സ്വദേശിയും ആക്റ്റിവിസ്റ്റുമായ രെഹന ഫാത്തിമ. കനത്ത പോലിസ് സുരക്ഷയിലാണ് രെഹനയും ഹൈദരാബാദ് സ്വദേശിനിയായ മാധ്യമപ്രവർത്തകയും സന്നിധാനത്തേത്ത് പുറപ്പെട്ടത്. എന്നാൽ നടപ്പന്തലിൽ സമരക്കാർ പ്രതിഷേധം കടുപ്പിച്ചതോടെ സന്നിധാനത്തേക്ക് കയറാൻ കഴിയാത്ത സാഹചര്യമാണുളളത്. എന്ത് വന്നാലും സന്നിധാനത്തെത്താതെ മടങ്ങില്ലെന്ന നിലപാടിലാണ രെഹന ഫാത്തിമ. ഐ.ജി ശ്രീജിത്ത ഇരുവരുമായി ചർച്ച തുടരുകയാണ്.

ആചാരലംഘനം നടത്തിയാൽ നട അടച്ചിടാൻ പന്തളം രാജകുടുംബം തന്ത്രിക്ക് നിർദ്ദേശം നൽകി. ആചാരലംഘനം നടന്നാൽ നടയടച്ച് പരിഹാരക്രിയ നടത്തിയ ശേഷമേ തുറക്കാനാകൂ എന്ന് തന്ത്രിയും അറിയിച്ചു. അതേസമയം പൂജകൾ നിർത്തി പരികർമ്മികളും പതിനെട്ടാംപടിക്ക് മുന്നിൽ പ്രതിഷേധം ആരംഭിച്ചു. ആക്ടിവിസ്റ്റുകളായ യുവതികൾ നടപ്പന്തൽ വരെയെത്തിയ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കിയത്.

ആക്ടിവിസ്റ്റുകളായ യുവതികൾ സന്നിധാനത്തേക്ക് എത്താൻ ശ്രമം നടത്തിയതിനെ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനും വിമർശിച്ചു. ആക്റ്റിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്നന്നാണ് മന്ത്രി പറഞ്ഞത. സുരക്ഷ ഒരുക്കുമ്പോൾ പോലിസ് കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നെന്നും വരുന്നവരുടെ പശ്ചാത്തലം പോലിസ് അന്വേഷിക്കണമായിരുന്നെന്നും മന്ത്രി പറഞ്ഞു. ശബരിമലയെ സംഘർഷഭൂമിയാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. എന്നാൽ വിശ്വാസികൾക്ക് സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.