നിക്ഷേപത്തിനായി യു.എ.ഇ സ്ഥാപനങ്ങളെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

അബുദാബി: യു.എ.ഇ സ്ഥാപനങ്ങളെ കേരളത്തിൽ നിക്ഷേപം നടത്താൻ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അബുദാബി ഗവൺമെന്റിനു കീഴിലുളള ‘മുദാബല ഇൻവെസ്റ്റ്മെന്റ് കമ്പനി’ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി കേരളത്തിെൻറ സാധ്യതകൾ വ്യക്തമാക്കിയത്. സംസ്ഥാനത്ത് നിക്ഷേപം നടത്താൻ നിരവധി അവസരങ്ങളുണ്ടെന്നും അദ്ദേഹം അറിയിച്ചു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ കേരളത്തിലെ വിവിധ നിക്ഷേപ സാധ്യതകളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു.

കൂടാതെ പെട്രോ കെമിക്കൽ കോംപ്ലക്സ്, ഫൂഡ് പ്രൊസസിങ്, ലൈഫ് സയൻസ് പാർക്ക്, ഡിഫൻസ് പാർക്ക് തുടങ്ങിയ മേഖലകളുടെ സാധ്യതകളെ കുറിച്ചും, മെ‍ഡിക്കൽ ഉപകരണങ്ങളുടെ നിർമാണത്തിന് 300 ഏക്കർ സ്ഥലം ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം വിമാന നിര്‍മാണ വ്യവസായം, ഡിസ്ട്രിക്ട് കൂളിങ് സാങ്കേതികത, കൃഷി, മെ‍ഡിക്കൽ ഉപകരണങ്ങൾ എന്നിവയിൽ താൽപര്യമുണ്ടെന്ന് മുദാബല അധികൃതർ അറിയിച്ചു. എയറോസ്പേസ് സി.ഇ.ഒ ഖാലിദ് അൽ ഖുബൈസി, ഖൽഫാൻ സഇൗദ് ഖംസി, മുഹമ്മദ് എച്ച്.അൽ സുവൈദി, ശ്രീധർ എസ്.അയ്യങ്കാർ, ഹിന്ദ് അൽ ഖാസിമി, ഹാഷിം മുഹമ്മദ് മുഹമ്മദ് ഉബൈദ് അൽ കഅബി, ആലിയ മെമാറി, നോർക്ക വൈസ് ചെയർമാൻ എം.എ.യൂസഫലി, എംബസി ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
.