മോശം പെരുമാറ്റം; ഐ.എസ്.എല്ലിൽ മലയാളി താരത്തിന് സസ്‌പെൻഷൻ

കൊച്ചി: ഐഎസ്എൽ അഞ്ചാം സീസണിൽ മലയാളി താരത്തിന് സസ്‌പെൻഷൻ. കളിക്കിടെ എതിർ ടീമിലെ താരത്തോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയുടെ ഒന്നാം നമ്പർ ഗോൾകീപ്പറും മലയാളി താരവുമായ ടി പി രഹനേഷിനെതിരെ നടപടിയെടുത്തത്. മലയാളി താരത്തിന് സസ്പെൻഷൻ ലഭിച്ചത് ആരാധകർക്ക് നിരാശ ഉണ്ടാക്കിയിരിക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിൽ അത്ലറ്റികോ ഡി കൊൽക്കത്തയ്ക്ക് എതിരെ സാൾട്ട് ലേക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലായിരുന്നു രഹനേഷിന്റെ മോശം പെരുമാറ്റം. എടികെ താരം ഗെർസൺ വിയേറയോട് അക്രമ മനോഭാവത്തോടെ പെരുമാറിയതെന്ന കാരണത്താലാണ് താരത്തെ സസ്‌പെന്റ് ചെയ്ത്ത. ഒക്ടോബർ നാലിനായിരുന്നു ഈ മത്സരം. മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണ റിപ്പോർട്ട് അച്ചടക്ക സമിതി സമർപ്പിക്കും.