പമ്പ, നിലക്കൽ, ഇലവുങ്കൽ, എന്നിവടങ്ങളിൽ നിരോധാജ്ഞ

പത്തനംതിട്ട: സന്നിധാനത്ത്  പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിരേയുള്ള പ്രക്ഷോഭം തുടരുന്നതിനിടെ തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്ന് പ്രത്യേക പൂജകൾ ഉണ്ടാകില്ല. സംഘർഷത്തെ തുടർന്ന് ഭക്തജനങ്ങളുടെ തിരക്കും കുറവാണ്. രാവിലെ മുതൽ തന്നെ നിലയ്ക്കലും പമ്പയിലും പ്രതിഷേധക്കാർ വ്യാപകമായ അക്രമം അഴിച്ചു വിട്ടിരുന്നു. മല കയറാനെത്തിയ നിരവധി യുവതികൾക്ക് പ്രതിഷേധം ഭയന്ന് മടങ്ങേണ്ടി വന്നു. ബലം പ്രയോഗിച്ച് പലരേയും അക്രമികൾ വാഹനത്തിൽ നിന്നും ഇറക്കി വിടുകയായിരുന്നു. നിലയ്ക്കലും പമ്പയിലും പോലീസും പ്രതിഷേധക്കാരും നിരവധി തവണ ഏറ്റുമുട്ടി. മാധ്യമ പ്രവർത്തകരെ സമരക്കാർ വ്യാപകമായി ആക്രമിച്ചു. വാഹനങ്ങളും ക്യാമറ അടക്കുള്ള ഉപകരണങ്ങളും തകർത്തു. പലർക്കും പരിക്കേറ്റു. നൂറു കണക്കിന് പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. എങ്കിലും മുൻകരുതലിന്റെ ഭാഗമായി നാളെ സന്നിധാനം, പമ്പ, നിലക്കൽ, ഇലവുങ്കൽ തുടങ്ങിയ നാലിടങ്ങളിൽ ഇന്ന് രാത്രി 12 മണി മുതൽ 2 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പത്തനംതിട്ട ജില്ലാ കളക്ടർ അനൂപ് അറിയിച്ചു. 30 കിലോമീറ്റർ ചുറ്റളവിൽ പ്രതിഷേധം അനുവദിക്കില്ലെന്നും അതേസമയം തീർത്ഥാടകർക്ക് നിരോധനാജ്ഞ ബാധകമാകില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമ സമരത്തെ ശക്തമായി നേരിടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. മാധ്യമ പ്രവർത്തകരേയും പോലീസിനേയും ആക്രമിച്ചവരെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റു ചെയ്യുമെന്നും DGP ലോക്നാഥ് ബഹ്റയും വ്യക്തമാക്കി. കരുതൽ തടങ്കലിന്റെ ഭാഗമായി രാഹുൽ ഈശ്വർ അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സന്നിധാനത്തും മാളികപ്പുറത്തും നാളെയാണ് മേൽശാന്തി തെരഞ്ഞെടുപ്പ്.