സമരഭൂമിയായി നിലക്കൽ; കനത്ത സുരക്ഷ ഒരുക്കി പോലിസ്‌

പത്തനംതിട്ട:  ഇന്ന്  തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കാനിരിക്കെ സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ആഹ്വാനം ചെയ്ത സമരങ്ങൾ ആരംഭിച്ചു.  കോൺഗ്രസ് നേതാവ് കെ സുധാകരൻറെ നേതൃത്വത്തിൽ നടത്തുന്ന ധർണയ്ക്ക് നിലയ്ക്കലിൽ തുടക്കമായി. നിലക്കലിലോ പമ്പയിലോ നടത്താൻ തീരുമാനിച്ച പ്രതിഷേധത്തിനായി പി സി ജോർജ് പുറപ്പെട്ടു കഴിഞ്ഞു. പ്രതിഷേധത്തിനായി കെ പി ശശികലയും നിലക്കലിലേക്ക് എത്തുകയാണ്.

അതേസമയം തന്ത്രികുടുംബത്തിൻറെ പ്രാർത്ഥനാസമരം 9 മണിയോടെ പമ്പയിൽ ആരംഭിച്ചു. തന്ത്രികുടുംബത്തിൻറെ പ്രാർത്ഥനയ്ക്ക് വലിയ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി ആണ് നേതൃത്വം നൽകുന്നത്.  നിലയ്ക്കലിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ സമരപ്പന്തൽ പൊലീസ് പൊളിച്ച് നീക്കി. സമരപ്പന്തലിന് സമീപം കൂടുതൽ വനിതാ പൊലീസിനെ വിന്യസിച്ചു. അറുപത് വനിതാ പൊലീസുകാരാണ് എത്തിയിട്ടുള്ളത്. എരുമേലിയിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു.