റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിക്കില്ല; കെ.എസ്.ആർ.ടി.സിയുടെ മിന്നൽ സമരം പിൻവലിച്ചു

തിരുവനന്തപുരം: റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീ പ്രവർത്തകരെ ഏൽപിക്കുന്നതിൽ പ്രതിഷേധിച്ച്  കെ.എസ്.ആർ.ടി.സി ജീവനക്കാർ പ്രഖ്യാപിച്ച മിന്നൽ സമരം പിൻവലിച്ചു. റിസർവ്വേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിക്കില്ലെന്ന ഗതാഗത മന്ത്രിയുടെ ഉത്തരവിനെത്തുടർന്നാണ് സമരം പിൻവലിച്ചത്. കോഴിക്കോട്ടും എറണാകുളത്തും തിരുവനന്തപുരത്തും ബസ്സ് സർവ്വീസുകൾ പുനരാംരഭിച്ചിട്ടുണ്ട്. മണിക്കൂറുകൾ വൈകി രാവിലെ പുറപ്പടേണ്ട ബസുകൾ ഇപ്പോൾ സർവ്വീസ് തുടങ്ങിയിട്ടുണ്ട്.

സമരത്തിനിടെ കോട്ടയത്തും തിരുവനന്തപുരത്തും കെഎസ്ആർടിസി ബസുകൾ ജീവനക്കാർ റോഡിൽ പാർക്ക് ചെയ്തതിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. കെ.എസ്.ആർ.ടി.സിയുടെ മിന്നൽ സമരം ദൂരയാത്രയ്ക്കായി എത്തിയ യാത്രക്കാർക്ക്  ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അതേസമയം തീരുമാനം പിൻവലിച്ചിട്ടില്ലെന്നും താത്കാലികമായി മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു. കെഎസ്ആർടിസിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൻറെ ഭാഗമായാണ് റിസർവേഷൻ പുറത്ത് ഏൽപിക്കുന്നതെന്ന് ആരോപിച്ചായിരുന്നു ജീവനക്കാർ മിന്നൽ സമരം ആരംഭിച്ചത്. തുടർന്ന് കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, എറണാകുളം,വയനാട്,പാലക്കാട്, കണ്ണൂർ തുടങ്ങി വിവിധ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നുള്ള സർവ്വീസുകൾ നിർത്തിവെച്ചിരുന്നു. റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിക്കില്ലെന്ന ഗതാഗത മന്ത്രിയുടെ അറിയിപ്പുണ്ടായതിനെതുടർന്നാണ് സമരം പിൻവലിച്ചത്.