നിലയ്ക്കലിൽ വാഹനങ്ങൾ തടഞ്ഞ് സ്ത്രീകളെ ഇറക്കിവിടുന്നു

നിലയ്ക്കൽ: പമ്പയിലേക്കുള്ള വാഹനങ്ങൾ തടഞ്ഞ് സമരക്കാർ സ്ത്രീകളെ ഇറക്കി വിടുന്നു.തുലാമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കാനിരിക്കവെയാണ് സമരക്കാർ സ്ത്രീകളെ തടയുന്നത. നിലയ്ക്കലിലൂടെ കടന്നുപോവുന്ന വാഹനങ്ങൾ തടയുകയും യാത്രാക്കാരെ ബോധവത്കരിക്കുകയും ചെയ്യുകയാണ് സമരക്കാർ. സംഘത്തിലെ വനിതകളാണ് വാഹനങ്ങൾ തടഞ്ഞ് സ്ത്രീകളുണ്ടോ എന്ന് പരിശോധിക്കുന്നത്. കോടതിവിധി ഉണ്ടെങ്കിലും യുവതികളെ ശബരിമലയിലേക്ക് കയറ്റി വിടില്ല എന്ന നിലപാടിലാണ് സമരക്കാർ. നിലയ്ക്കലിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും സമരക്കാർ തടയുന്നുണ്ട്.

നാളെ വൈകുന്നേരം നട തുറക്കുന്നത് കണക്കിലെടുത്ത് രാവിലെ മുതൽ നിലയ്ക്കൽ, എരുമേലി തുടങ്ങി ശബരിമലയിലേക്കുള്ള പ്രധാന പാതകളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രക്ഷാകവചം എന്ന പേരിൽ പ്രതിരോധത്തിനൊരുങ്ങുകയാണ്.അതേസമയം ശബരിമലയിലെത്തുന്ന സ്ത്രീകളെ തടഞ്ഞാൽ കർശന നടപടികളെടുക്കുമെന്ന് പൊലീസും അറിയിച്ചു. നിലയക്കലിലും പമ്പയിലും വനിതാ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സ്ത്രീകൾ കൂടുതലായി മല കയറാൻ എത്തിയാൽ വനിതാ പൊലീസുകാർ സന്നിധാനത്തേക്ക് നീങ്ങും. സന്നിധാനത്തും പമ്പയിലും ഒരുതരത്തിലുള്ള സംഘർഷത്തിനും ഇടം കൊടുക്കരുതെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം.

അതേസമയം പമ്പയിൽ വാഹനങ്ങൾ തടയാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമം കയ്യിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കും. വിശ്വാസികൾക്ക് ശബരിമലയിൽ പോകാൻ അവകാശമുണ്ട്. സർക്കാർ സുപ്രിം കോടതി വിധി നടപ്പാക്കുമെന്നും വിധി മറികടക്കാൻ നിയമ നിർമാണം നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി .