ശബരിമല സ്ത്രീ പ്രവേശനം: ദേവസ്വം ബോര്‍ഡിന്‍റെ സമവായ ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: ശബരിമല പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിളിച്ച സമവായ ചര്‍ച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് രാവിലെ 10നാണ് ചര്‍ച്ച. പന്തളം കൊട്ടാരം പ്രതിനിധി, തന്ത്രി കുടുംബം, അയ്യപ്പസേവാ സംഘം, യോഗക്ഷേമസഭ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. മണ്ഡലമകരവിളക്ക് തീർഥാടനത്തെ കുറിച്ചാണ് ചര്‍ച്ചയെന്നാണ് വിശദീകരണമെങ്കിലും പ്രധാന അജണ്ട സ്ത്രീ പ്രവേശനമായിരിക്കും. ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ അറിയിക്കുമെന്നും അവ അംഗീകരിച്ചാല്‍ മാത്രമേ മുന്നോട്ടു പോകുവെന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം കാണാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. നിലവിലുള്ള ആചാരങ്ങള്‍ക്ക് എതിരല്ല എന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു. ആചാരങ്ങള്‍ ഇല്ലാതാക്കി മുന്നോട്ട് പോകാനും ഉദ്ദേശിക്കുന്നില്ല. പൂജയും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാൻ ബോർഡ് ശ്രമിക്കില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.