എല്ലാ മേഖലയിലും പണ്ടുമുതലേ പീഡനം ഉണ്ട്‌; എല്ലാവരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ പറഞ്ഞുതീർക്കുകയാണ് വേണ്ടത്.

കൊച്ചി: നടിമാർ ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് കെപിഎസി ലളിത. രാജിവെച്ചവർ ആദ്യം ചെയ്ത തെറ്റിന് ക്ഷമ പറയട്ടെയെന്നും കെപിഎസി ലളിത കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.  സിനിമയിലെ ഇപ്പോഴത്തെ കാര്യങ്ങൾ  പറഞ്ഞുവന്നാൽ ഉള്ളി പൊളിച്ചതുപോലെയേ ഉള്ളൂ. സിനിമയിൽ മാത്രമല്ല, എല്ലാ മേഖലയിലും പീഡനം ഒക്കെ ഉണ്ടാകുന്നുണ്ട്. ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകാൻ മാത്രം കാര്യങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എതിർപ്പുകൾ ഉണ്ടെങ്കിൽ സംഘടനക്ക് അകത്ത് പറയണം. ചോദ്യം ചെയ്യാനുള്ള അവകാശം സംഘടനയിലുണ്ട്. എല്ലാം പറഞ്ഞുതീർക്കാവുന്ന കാര്യങ്ങളേ ഉള്ളൂ. ഞാൻ സംഘടനയുടെ യോഗങ്ങളിൽ ഒന്നും മിണ്ടാറില്ല.

തെറ്റുചെയ്തവർ വന്ന് മാപ്പുപറയട്ടെ. തെറ്റ് ചെയ്തവരെ അമ്മ എന്നേക്കുമായി തള്ളിക്കളയില്ല. ക്ഷമ പറഞ്ഞിട്ട് അകത്ത് കയറാവുന്നതേയുള്ളൂ. സാമ്പത്തിക പ്രയാസമുള്ള മുതിർന്നവർക്ക് മാസം അയ്യായിരം രൂപ കൊടുക്കുന്ന സംഘടനയാണ് അമ്മ. അത് നോക്കിയിരിക്കുന്ന ഒരുപാട് പേരുണ്ട്. ദിലീപ് അദ്ദേഹത്തിന്‍റെ പേരിൽ പ്രശ്നങ്ങളൊന്നും ഉണ്ടാകരുത് എന്ന് കരുതിയാണ് അദ്ദേഹം രാജിക്കത്ത് നൽകിയത്. അത് ദിലീപിന്‍റെ നല്ല മനസുകൊണ്ടാണ്. അമ്മയിൽ ഉടൻ ജനറൽ ബോഡി വിളിക്കാനുള്ള സാഹചര്യമില്ല. അംഗങ്ങൾ കത്ത് നൽകാതെ ജനറൽ ബോഡി വിളിക്കാനാകില്ല. ഇരയായ പെണ്‍കുട്ടിയെ ആശ്വസിപ്പിക്കാന്‍ ഞാനും പോയിട്ടുണ്ട് അതൊന്നും ആരു കണ്ടില്ലെന്ന് കെപിഎസി ലളിത പറഞ്ഞു.

മോഹൻലാൽ അമ്മയുടെ പ്രസി‍ഡന്‍റ് മാത്രമല്ല, നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും കിട്ടിയ കലാകാരനാണ്. കേണൽ വരെ ആയ ആളാണ് അദ്ദേഹം. അദ്ദേഹത്തെ ബഹുമാനത്തോടെയേ കാണാവൂ. മോഹൻലാലിനെപ്പോലെ ഒരാളൊക്കെയേ ഉണ്ടാവുകയുള്ളൂ. അതൊക്കെ ദൈവത്തിന്‍റെ തീരുമാനമാണെന്നും കെപിഎസി ലളിത പറഞ്ഞു