വിക്കറ്റ് കീപ്പർ സാഹയല്ല, പന്ത് തന്നെ

ഹൈദരാബാദ്: നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് തന്നെയെന്ന് സൂചിപ്പിച്ച് രവി ശാസ്ത്രി. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുശേഷമാണ് ശാസ്ത്രി ഇക്കാര്യം പറഞ്ഞത്. ഓസീസ് പര്യടനത്തിന് മുന്നോടിയായി വൃദ്ധിമാൻ സാഹ മടങ്ങിവരുമ്പോൾ വിക്കറ്റ് കീപ്പറായി ആരെ പരിഗണിക്കുമെന്ന സഞ്ജയ് മഞ്ജരേക്കറുടെ ചോദ്യത്തിന് മുൻകാല പ്രകടനങ്ങളല്ല, നിലവിലെ ഫോം മാത്രമാണ് സെലക്ഷന് മാനദണ്ഡമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എം എസ് ധോണിയുടെ ടെസ്റ്റിൽ നിന്നുളള വിരമിക്കലിന് ശേഷം , ഇന്ത്യൻ വിക്കറ്റ് കീപ്പറായി ഏറ്റവും തിളങ്ങിയത് സാഹയായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ പിഴവ് കാരണം ഗുരുതരമായി പരിക്കേറ്റ് സാഹ പുറത്തുപോകുമ്പോൾ, തിരിച്ചുവരവിൽ ടീമിൽ പരിഗണിക്കൂമെന്ന ഉറപ്പാണ് ഇന്ത്യൻ മാനേജ്‌മെൻറ് നൽകിയത്.

എന്നാൽ ഇംഗ്ലണ്ടിലും വിൻഡീസിനെതിരായ ടെസ്റ്റിലും പന്ത് ബാറ്റിംഗിൽ തിളങ്ങിയതോടെ സാഹയെ കൈവിടുമെന്ന സൂചനയാണ് ശാസ്ത്രി നൽകുന്നത്. വിക്കറ്റ് കീപ്പിംഗിൽ സാഹതന്നെയാണ് മികച്ച കളിക്കാരനെങ്കിലും ബാറ്റിംഗിൽ പന്തിന്റെ മികച്ച പ്രകടനം ടീമിന് മുതൽക്കൂട്ടാകുമെന്നാണ് ഇന്ത്യൻ ടീം മാനേജ്മെന്റെ് പ്രതീക്ഷിക്കുന്ന്

ഓപ്പണർ ലോകേഷ് രാഹുലും അരങ്ങേറ്റത്തിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച പൃഥിഷായും ഓസ്‌ട്രേലിയൻ പര്യടനത്തിനുണ്ടാകുമെന്ന സൂചനയും രവി ശാസ്ത്രി നൽകി.