പീഡനവിവരം മറച്ച് വെച്ചു; നടി രേവതിക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി

കൊച്ചി: 17കാരിയുടെ പീഡനവാർത്ത മറച്ച് വെച്ചതിൽ നടി രേവതിക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത് അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ലെന്നും ഇത്രകാലവും മറച്ചുവെച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. പ്രശ്‌നത്തിൽ രേവതിയെ കമ്മീഷൻ
വിളിച്ചുവരുത്തണമെന്നും നിയമനടപടി സ്വീകരണമെന്നും പരാതിയിൽ പറയുന്നു. കോഴിക്കോട് കുന്നമംഗലം സ്വദേശി നൗഷാദ് തെക്കയിൽ ആണ് നടി രേവതിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്.

ഡബ്ല്യു.സി.സി അംഗങ്ങൾ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗീക ചൂഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനിടെയാണ് 17കാരിയെ കുറിച്ചുള്ള കാര്യം രേവതി വെളിപ്പെടുത്തിയത്. ഒരു സിനിമാ ലൊക്കേഷനിൽ വെച്ച് “ചേച്ചീ തന്നെ രക്ഷിക്കണം” എന്ന് അപേക്ഷിച്ച് 17 വയസ്സുകാരി രാത്രിയിൽ തൻറെ വാതിലിൽ മുട്ടിയിരുന്നുവെന്നും ഇനി സ്ത്രീകളോട് ഇത് ആവർത്തിക്കപ്പെടരുതെന്നും രേവതി പറഞ്ഞിരുന്നു. ഡബ്ല്യു.സി.സിയുടെ വാർത്താസമ്മേളനത്തിന് ശേഷം പീഡനവിവരം മറച്ച് വെച്ചു എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനയായ ജിയാസ് ജമാൽ പൊലീസിൽ പരാതി നൽകിയിരുന്നു. അതിന് പിന്നാലെയാണ് നൗഷാദ് തെക്കയിൽ ബാലാവകാശ കമ്മീഷനിൽ പരാതിപ്പെട്ടത്.