കുവൈറ്റിൽ ഇന്ത്യക്കാരുടെ എണ്ണത്തിൽ വർദ്ധനവെന്ന് കണക്കുകൾ

കുവൈറ്റ്: കുവൈറ്റിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തിൽ വർദ്ധനവെന്ന് കേന്ദ്ര ഭരണ വിഭാഗം പുറത്തു വിട്ട കണക്കുകൾ പറയുന്നു. മറ്റുരാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയപ്പോഴും കുവൈറ്റിലേക്കുള്ള ഇന്ത്യക്കാരുടെ ഒഴുക്ക് കഴിഞ്ഞ വർഷങ്ങളേക്കാൽ കൂടിയതായാണ് റിപ്പോർട്ട്. നിലവിൽ പത്തു ലക്ഷം ഇന്ത്യക്കാരാണ് കുവൈറ്റിൽ അധിവസിക്കുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആറു ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയതായി കേന്ദ്ര ഭരണ വിഭാഗം പുറത്ത് വിട്ട സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം ഇറാനികളുടെ എണ്ണത്തിൽ 1.7 ശതമാനവും പാക്കിസ്ഥാനികളുടെ എണ്ണത്തിൽ 1.8 ശതമാനവും കുറവുണ്ടായതായാണ് കണക്ക്്. അറബ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണത്തിലും കഴിഞ്ഞ വർഷം 0.2 ശതമാനത്തിന്റെ കുറവുണ്ടായി. രാജ്യത്തെ തൊഴിൽ വിപണിയിലെ മൊത്തം ജനസംഖ്യ 26,23,000 മായിരുന്നു. ഇതിൽ 50.6 ശതമാനം ആളുകൾ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. തൊഴിൽ ചെയ്യുന്ന വിദേശികളുടെ എണ്ണം പതിനാറ് ലക്ഷത്തിൽ നിന്നും പതിനാറ് ലക്ഷത്തി തൊണ്ണൂറ്റി നാലായിരമായി വർദ്ധിച്ചതായും കേന്ദ്ര ഭരണ വിഭാഗം പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.