നാടകത്തിൽ രാജാവായി വേഷമിട്ട് കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍; നവമാധ്യമങ്ങളിൽ വിമർശനം

ഡൽഹി: മിഥിലയിലെ ജനക രാജാവായി വേഷമിട്ട് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പു മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. രാമന്റെ ജീവിതകഥ ആവിഷ്‌കരിക്കുന്ന രാംലീല നാടകത്തിലാണ് സീതയുടെ അച്ഛനായി കേന്ദ്രമന്ത്രി വേഷമിട്ടത്. സ്റ്റേജില്‍ അഭിനയിച്ചുതകര്‍ക്കുന്ന മന്ത്രിയുടെ വീഡിയോയും ചിലര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു. ജനക രാജാവായി വേഷമിട്ടിരിക്കുന്ന മന്ത്രിയുടെ ചിത്രത്തിന് താഴെ അഭിനന്ദനവും വിമര്‍ശനവും ഒരുപോലെ ഉയര്‍ന്നു.

മന്ത്രി നാടകം കളിച്ചുനടക്കുകയാണോ എന്നും മന്ത്രിസ്ഥാനത്തിരുന്ന് ഒരു തരത്തില്‍ നാടകം തന്നെയാണല്ലോ കളിക്കുന്നത് എന്നുമൊക്കെ വിമർശിക്കുകയാണ് സോഷ്യൽ മീഡിയ.

ലവ് കുഷ് സമിതിയുടെ ആഭിമുഖ്യത്തില്‍ ചെങ്കോട്ടയിലെ മൈതാനത്തില്‍ നടന്ന പരിപാടിയിലായിരുന്നു മന്ത്രി രാജാവായത്. പരിപാടിയിൽ പങ്കെടുത്ത മന്ത്രി ഫോട്ടോകൾ ഷെയർ ചെയ്യുകയും ചെയ്തു. ‘റെഡ്‌ഫോർട്ടിലും ചാന്ദ്നി ചൗക്കിൽ വെച്ച് രാംലീല കണ്ട ബാല്യമായിരുന്നു എന്റേത്.  ഈ വർഷത്തെ രാംലീല അനുഭവം എന്റെ ജീവിത്തിലുടനീളം ആവേശമുണർത്തും’; മന്ത്രി ട്വിറ്ററിൽ കുറിച്ചു. ശാസ്ത്രസാങ്കേതിക വകുപ്പു കൂടാതെ പരിസ്ഥിതി, വനം കാലാവസ്ഥാവ്യതിയാനം, ഭൂമിശാസ്ത്രം എന്നീ വകുപ്പുകളും ഹര്‍ഷ് വര്‍ദ്ധന്‍ കൈകാര്യം ചെയ്യുന്നുണ്ട്.