സൗദിയിൽ ഇസ്ലാമിക കാര്യ മന്ത്രാലയത്തിൽ വനിതകളെ നിയമിക്കുമെന്ന് മന്ത്രി

റിയാദ്, സൗദിയിലെ ഇസ്ലാമിക കാര്യ മന്ത്രാലയത്തിൽ വനിതകളെ നിയമിക്കുമെന്ന് ഇസ്ലാമിക കാര്യ വകുപ്പ് മന്ത്രി ശൈഖ് ഡോ.അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. നാല് മേഖലകളിലാണ് ആദ്യ ഘട്ടത്തിൽ വനിതകൾക്ക് നിയമനം നൽകുന്നത് . അതേസമയം ശരീഅത്തിന് നിരക്കാത്ത തെറ്റായ മതവിധികൾ നൽകുന്നവർക്ക് വിലക്കേർെപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

മദീനയിലെ ഖുബാ മസ്ജിദിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. പ്രബോധകർ, ഇൻസ്പെക്ടർമാർ, സൂപ്പർവൈസർമാർ, ഓഫീസ് ജീവനക്കാർ എന്നീ തസ്തികകളിലാവും വനിതകൾക്ക് നിയമനം നൽകുക. തുടക്കത്തിൽ മൂന്നു പ്രവിശ്യകളിൽ വനിതാ ജീവനക്കാരെ നിയമിക്കും. ശേഷം എല്ലാ മേഖലകളിലും നിയമനം വ്യാപിപ്പിക്കുമെന്നും റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യകളിൽ ആദ്യ ഘട്ട നിയമനം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.