നരേന്ദ്രമോദി മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമാണെന്ന് ബിജെപി നേതാവ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമാണെന്ന്  ബിജെപി നേതാവ് അവദൂത് വാഗ്. ഒരു മറാത്തി വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവദൂത്. എന്നാൽ ദൈവങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

അവദൂതിന്റെ പരാമർശത്തിനെതിരെ കോൺ​ഗ്രസ് രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. അവദൂതിന്റെ നഷ്ടപ്പെട്ട രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമാണിത്. അതുകൊണ്ടുതന്നെ ഇതിന് അധികം പ്രധാന്യം നൽകേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് കോൺഗ്രസ് വക്താവ് അതുൽ ലോന്തെ പറഞ്ഞു. ബിജെപിയുടെ സംസ്കാരത്തിന്റെ നിലവാരത്തെ തുറന്ന് കാട്ടുന്നതാണ് പരാമർശമെന്നും ലോന്തെ വ്യക്തമാക്കി.

അതേസമയം എൻസിപി എംഎൽഎ ജിതേന്ദ്ര അവ്ഹാദും അവദൂതിനെതിരെ രംഗത്തെത്തി. ഒരു എൻജിനീയറിങ് ബിരുദധാരിയാണ് അവദൂത്. ഒരിക്കലും ഇത്തരമൊരു പ്രസ്താവന അവദൂതിൽനിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവ്ദാഹ് വ്യക്താക്കി.