വിവാദ പരാമർശം; കൊല്ലം തുളസിക്കെതിരെ കേസെടുത്തു

കൊല്ലം: ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ അധിക്ഷേപിച്ച നടന്‍ കൊല്ലം തുളസിക്കെതിരെ കേസെടുത്തു. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറി ഒരു ഭാഗം  ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നുമാണ് എന്‍ഡിഎ സംഘടിപ്പിച്ച ശബരിമല സംരക്ഷണറാലിയില്‍ പങ്കെടുത്തു കൊണ്ട് കൊല്ലം തുളസി പറഞ്ഞത്. സ്ത്രീകളെ അധിക്ഷേപിക്കല്‍, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ശബരിമലയിലെത്തുന്ന സ്ത്രീകളെ അധിക്ഷേപിച്ച് ഇന്നലെ ആയിരുന്നു കൊല്ലം തുളസിയുടെ പ്രസംഗം.

ഡിവൈഎഫ്ഐ ചവറ ബ്ലോക്ക് കമ്മിറ്റിംയഗം രതീഷാണ് കൊല്ലം തുളസിക്കെതിരെ ചവറ പൊലിസിൽ പരാതി നൽകിയത്. ശബരിമലയിലെത്തുന്ന സ്ത്രീകളെ അപമാനിച്ച കൊല്ലം തുളസിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്. തുളസിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ വനിതാ കമ്മീഷൻ അദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. അതേസമയം, പ്രസ്താവന വിവാദമായതിന് പിന്നാലെ ഖേദപ്രകടനവുമായി കൊല്ലം തുളസി രംഗത്ത് എത്തിയിട്ടുണ്ട്.