മഞ്ഞുകാലത്തെ ഡ്രൈവിംഗ്: കർശന നിബന്ധനകളുമായി അബുദബി പോലിസ്

അബുദബി: മഞ്ഞുള്ള സമയത്തു ഗതാഗത നിയമം പാലിക്കാതെ വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടിയുമായി അബുദാബി പോലിസ്. നിയമം ലംഘിച്ച് വാഹനമോടിക്കുന്ന ട്രക്ക്, തൊഴിലാളി ബസ് ഡ്രൈവർമാർ 1000 ദിർഹം പിഴയൊടുക്കേണ്ടി വരും. ഇതു സംബന്ധിച്ച ഗതാഗത നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽകരിക്കുന്നതിന്റെ ഭാഗമായി ഗതാഗതവകുപ്പുമായി സഹകരിച്ചു പ്രത്യേക ക്യാംപെയിന് തുടക്കം കുറിച്ചതായി ട്രാഫിക്, പട്രോൾസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് അൽ ഖൈലി പറഞ്ഞു.
മുന്നറിയിപ്പു സിഗ്നലുകൾ ദുരുപയോഗം ചെയ്യുന്നത് മൂലം നിരവധിപേരുടെ മരണത്തിനും പരുക്കിനും കാരണമായ ഒട്ടേറെ അപകടങ്ങൾ സംഭവിച്ച പശ്ചാത്തലത്തിലാണു അധികൃതരുടെ പുതിയ നടപടി. മഞ്ഞുവീഴ്ചയുള്ളപ്പോൾ വേഗം കുറച്ചും മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിത അകലം പാലിച്ചും വാഹനം ഓടിക്കുക, ലോ ബീം ലൈറ്റ് ഉപയോഗിക്കുക. പരസ്പരം കാണാത്തവിധം ദൂരക്കാഴ്ച കുറഞ്ഞാൽ വാഹനം റോഡിൽനിന്നും സുരക്ഷിത അകലത്തിലേക്ക് മാറ്റി നിർത്തിയിട്ടശേഷം ഹസാർഡ് ലൈറ്റ് ഇടണം. ഈ സമയം ഓവർടേക്ക് ചെയ്യുകയോ ലെയ്ൻ മാറുകയോ ചെയ്യാതിരിക്കുക തുടങ്ങിയ നിയമങ്ങൾ ഇനിമുതൽ കർശനമായി പാലിക്കണം. മഞ്ഞുള്ള സമയത്ത് ലോ ബീം ലൈറ്റിടാതെ (ഫോഗ് ലൈറ്റ്) വാഹനമോടിക്കുന്നവർക്ക് 500 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിന്റും ലഭിക്കും.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചു ജനങ്ങൾക്ക് മുന്നറിയിപ്പു നൽകുന്ന സംവിധാനവും അബുദാബി പൊലീസ് ആരംഭിച്ചിരുന്നു. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിൽ ദൂരക്കാഴ്ച കുറയുമെന്നും മുൻകരുതൽ സ്വീകരിക്കണം എന്നുമുള്ള സന്ദേശം എസ്എംഎസിലൂടെയും റോഡിലെ ഡിജിറ്റൽ ബോർഡിലൂടെയും കൈമാറും. ഇതുമൂലം വാഹനാപകടം ഗണ്യമായി കുറയ്ക്കാനാവുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്ക്കാര് അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന് പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ