മീ ടൂ വെളിപ്പെടുത്തലിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്

ഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബർ ഉൾപ്പെടെയുള്ളവർക്കെതിരെ ലൈംഗീകാരോപണങ്ങളുമായി ഉയർന്ന് വന്ന വിവാദ മീ ടൂ വെളിപ്പെടുത്തലുകളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം. വെളിപ്പെടുത്തലുകളെ കുറിച്ചന്വേഷിക്കാൻ പ്രത്യേക ജുഡീഷ്യൽ സമിതിയെ നിയോഗിക്കും. വിരമിച്ച നാല് ജഡ്ജിമാർക്കാണ് അന്വേഷണചുമതല. മീ ടു വിഷയത്തിൽ നിയമവശങ്ങൾ അന്വേഷണ സമിതി പരിശോധിക്കും. ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം കൂടി കണക്കിലെടുത്താവും സമിതിയുടെ അന്വേഷണം.

അതിനിടെ ഗുരുതരമായ ലൈംഗികാരോപണങ്ങൾ നേരിടുന്ന കേന്ദ്ര സഹമന്ത്രി എംജെ അക്ബറിനെതിരെ പുതിയ ആരോപണവുമായി കൊളംബിയൻ മാധ്യമപ്രവർത്തകയും രംഗത്തെത്തി. ദില്ലിയിൽ എം.ജെ അക്ബറിന്റെ ഓഫീസിൽ ഇൻറേൺഷിപ്പ് ചെയ്തിരുന്നപ്പോൾ അക്ബറിന്റെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റം ഉണ്ടായെന്നാണ് മാധ്യപ്രവർകത്തകയുടെ വെളിപ്പെടുത്തൽ.

ഇത് വരെ ഒമ്പത് വനിതാ മാധ്യമപ്രവർത്തകരാണ് എം.ജെ അക്ബറിനെതിരെ ഗുരുതരമായ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ലൈവ്മിൻറ് നാഷണൽ ഫീച്ചേഴ്‌സ് എഡിറ്റർ പ്രിയാ രമണിയാണ് അക്ബറിനെതിരെ ആരോപണവുമായി ആദ്യം രംഗത്ത് വന്നത്. കഴിഞ്ഞ വർഷം വോഗ് മാഗസിനിൽ നൽകിയ അഭിമുഖത്തിൽ അവർ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നെങ്കിലും പേര് പുറത്ത് വിട്ടിരുന്നില്ല. എന്നാൽ പിന്നീട് ട്വിറ്ററിൽ എം.ജെ. അക്ബറിന്റെ പേരു വെളിപ്പെടുത്തുകയായിരുന്നു. അതിന് പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുമായി മറ്റ് വനിതാ മാധ്യപ്രവർത്തകരും രംഗത്തെത്തിയത്.