മൈക്കൽ ചുഴലിക്കാറ്റ്; രണ്ട് മരണം

ഫ്‌ലോറിഡ: അമേരിക്കൻ തീരമേഖലയെ വിറപ്പിച്ച മൈക്കൽ ചുഴലിക്കാറ്റിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. ഉഗ്രപ്രഹരശേഷിയുള്ള കാറ്റഗറി 4ൽപ്പെടുന്ന ചുഴലിക്കാറ്റ് മണിക്കൂറിൽ 155 മൈൽ വേഗത്തിലാണ് ആഞ്ഞടിച്ചത്.

അപ്രതീക്ഷിതമായാണ് കാറ്റ് ശക്തിപ്രാപിച്ചത്. ഒരു നൂറ്റാണ്ടിനിടെ മേഖലയിൽ വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് മൈക്കലെന്ന് അധികൃതർ അറിയിച്ചു. ഫ്‌ലോറിഡയുൾപ്പെടെ മൂന്ന് തീരസംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മെക്‌സിക്കൻ തീരത്താണ് കാറ്റ് ആദ്യമെത്തിയത്. തീരത്താകെ കനത്ത നാശം വിതച്ചശേഷമാണ് ഫ്‌ലോറിഡയിലേക്ക് നീങ്ങിയത്. കാറ്റിന് പിന്നാലെ കനത്ത മഴയും പ്രളയവുമുണ്ടായി. മുൻകരുതലിന്റെ ഭാഗമായി ഫ്‌ലോറിഡയിലെ വിവിധ ഭാഗങ്ങളിൽനിന്ന് 21 ലക്ഷം പേരോട് ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശിച്ചു. 38 ലക്ഷം പേർക്ക് അതീവ ജാഗ്രതാ നിർദേശവും നൽകി.
കാറ്റുവീശിയ മേഖലകളിൽ ഗതാഗത സംവിധാനവും വൈദ്യുതിയും തകരാറിലായത് രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. മേഖലയിലെ വിമാനത്താവളങ്ങളാകെ അടച്ചിട്ടിരിക്കയാണ്. ഫ്‌ലോറിഡൻ മേഖലയിൽനിന്ന് ആളുകൾ ഉടൻ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറണമെന്നും ഇവിടങ്ങളിൽ കനത്ത വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി ചീഫ് ബ്രോക്ക് ലോങ് പറഞ്ഞു. വരുംദിവസങ്ങളിൽ അമേരിക്കയുടെ തെക്കുകിഴക്കൻ മേഖലയിലേക്ക് നീങ്ങുന്നതോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നും അധികൃതർ അറിയിച്ചു.