മുഖ്യമന്ത്രിക്കെതിരായ ജാതീയാധിക്ഷേപം : മാപ്പ്‌ പറഞ്ഞ് വീട്ടമ്മ

പത്തനംതിട്ട:  മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയതില്‍ മാപ്പ് ചോദിച്ച്‌ ചെറുകോൽ സ്വദേശിനി മണിയമ്മ.  ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതി കൂട്ടി അസഭ്യം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നേരത്തെ ജാതി അധിഷേപം നടത്തിയ മണിയമ്മക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനിൽ കുമാർ എന്നയാൾ നൽകിയ പരാതിയില്‍ ആറന്മുള പൊലീസാണ് കേസ്സെടുത്തത്.

ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. അയ്യപ്പനെ ഓര്‍ത്താണ് പറഞ്ഞത്.  ഈ അമ്മയോട് ക്ഷമിക്കണമെന്ന് മണിയമ്മ വീഡിയോയില്‍ പറയുന്നു. ഈഴവ സമുദായത്തില്‍ ഉള്ളവരെ അപമാനിക്കാനുള്ള ശ്രമം ആയിരുന്നില്ല. ഈഴവ സമുദായത്തിലുള്ളവര്‍  ഈ അമ്മയോട് ക്ഷമിക്കണമെന്നും മണിയമ്മ പറയുന്നു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെയുള്ളവര്‍ മണിയമ്മയുടെ പ്രയോഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.