എസ്എൻഡിപി ഭക്തർക്കൊപ്പമാണെന്നും സർക്കാരിനൊപ്പമല്ലെന്നും വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ശബരിമല വിധിക്കെതിരായ പ്രതിഷേധം രണ്ടാം വിമോചനസമരമെന്ന നിലപാടു വിഴുങ്ങി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി  വെള്ളാപ്പള്ളി നടേശന്‍. യോഗം പ്രവര്‍ത്തകര്‍ ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എല്ലാ ഹിന്ദുസംഘടനകളുമായി കൂടിയാലോചിച്ച ശേഷം വിധിക്കെതിരായുള്ള പ്രതിഷേധം നടത്തിയിരുന്നെങ്കിൽ എസ്എൻഡിപിയും ഒത്തുചേരുമായിരുന്നു. അങ്ങനെയൊന്ന് നടക്കാത്തതുകൊണ്ട് ഇപ്പോൾ നടക്കുന്ന സമരം കലാപത്തിലേക്ക് നയിക്കുന്ന ഒന്നാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

ആചാരസംരക്ഷണത്തിന് രാഷ്ട്രീയപാര്‍ട്ടിക്കൊപ്പം വിശ്വാസികള്‍ നില്‍ക്കുന്നതില്‍ തെറ്റില്ലെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി. വിശ്വാസത്തിന്റെ കാര്യത്തിൽ എസ്എൻഡിപി ഭക്തർക്കൊപ്പമാണെന്നും സർക്കാരിനൊപ്പമല്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. എന്ത് വിധി വന്നാലും ഈഴവ സമുദായത്തിൽപ്പെട്ട സ്ത്രീകൾ ശബരിമലയിൽ പോകില്ല, അതുകൊണ്ട് തന്നെ ഈ വിധി അപ്രസക്തമാണ്. നേരത്തെ സർക്കാരിനെ തുണച്ചും സമരത്തിനെതിരെ നിലപാടെടുത്തും വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. ബിഡിജെഎസ് ആകട്ടെ ബിജെപിയുടെ ഒപ്പം ശബരിമല സംരക്ഷണ യാത്ര യിൽ അണി ചേരുകയും ചെയ്തു.