ഇനി പാസ്‌പോർട്ട് പരിശോധനയില്ല; ദുബായ് വിമാനത്താവളത്തിൽ പുതിയ പദ്ധതിക്ക് തുടക്കമായി

ദുബായ്: പാസ്‌പോർട്ടുകൾ പരിശോധിക്കാതെ വെറും 15 സെക്കന്റുകൾ കൊണ്ട് എമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന പദ്ധതിക്ക് ദുബായ് വിമാനത്താവളത്തിൽ തുടക്കമായി. വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിലാണ് ഇപ്പോൾ ഈ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) അറിയിച്ചു.

പരീക്ഷണഘട്ടത്തിൽ ബിസിനസ് ക്ലാസ് യാത്രക്കാർക്കായിരിക്കും ഈ സംവിധാനം ഉപയോഗിക്കാനാവുക. ഇനി യാത്രക്കാരുടെ പാസ്‌പോർട്ടുകൾ പരിശോധിക്കുകയോ സീൽ പതിയ്ക്കുകയോ വേണ്ട. പകരം പുതിയ സ്മാർട്ട് ടണലിലൂടെ വെറുതെ നടന്നാൽ മതിയാകും. ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തിൽ യാത്രക്കാരനെ തിരിച്ചറിഞ്ഞ് ഇക്കാര്യം കംപ്യൂട്ടരിൽ രേഖപ്പെടുത്തുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. യാത്രക്കാരുടെ മുഖം തിരിച്ചറിയുന്ന അത്യാധുനിക സംവിധാനമാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. യാതൊരുവിധ പരിശോധനയും ആവശ്യമില്ലാത്ത ഈ സംവിധാനം ആദ്യമായാണ് ഒരു വിമാനത്താവളത്തിൽ സജ്ജീകരിക്കപ്പെടുന്നത്.

ഇപ്പോൾ പരീക്ഷാണിടിസ്ഥാനത്തിൽ നടത്തുന്ന പദ്ധതി ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്യും. ഏറ്റവും വേഗമേറിയ കൂടുതൽ സ്മാർട്ട് പ്രോജക്ടുകൾ നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായി ജി.ഡി.ആർ.എഫ്.എ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു.