സുന്നി പള്ളികളിൽ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: സുന്നി പള്ളികളിൽ ഉൾപ്പെടെ എല്ലാ സമുദായങ്ങളിലെ ദേവാലയങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം സി ജോസഫൈൻ ആവശ്യപ്പെട്ടു. ശബരിമലയിൽ കയറാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ സംരക്ഷണം നൽകണമെന്നും ജോസഫൈൻ പറഞ്ഞു.

അതേസമയം സുന്നി പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യം ഉന്നയിച്ച് പുരോഗമന മുസ്ലീം സംഘടനകൾ നിയമപോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ്. മുസ്ലീം സ്ത്രീകളോടുള്ള മത വിവേചനം അവസാനിപ്പക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് സംഘടനകളുടെ തീരുമാനം.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടപെടലാണ് സുന്നിപള്ളികളിൽ സ്ത്രീകൾക്കെതിരെയുള്ള വിവേചനത്തിനിരെ നിയമപരമായി പോരാടൻ പുരോഗമന മുസ്ലീം സംഘടനകൾക്കുള്ള പ്രേരണയായത്. സ്ത്രീകൾക്കും പള്ളികളിൽ ആരാധന സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഉടൻ ഹർജി നൽകുമെന്ന് പുരോഗമന മുസ്ലീം സ്ത്രീ സംഘടനകൾ വ്യക്തമാക്കി.

സുന്നിപള്ളികളിൽ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂർ മൗലവി സ്ഥാപിച്ച ഖുറാൻ സുന്നത്ത് സൊസൈറ്റിയും രംഗത്തുണ്ട്. നിലവിൽ ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങൾ സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശനം അനുവദിക്കുന്നുണ്ട്. എന്നാൽ മതവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ്് ഇ.കെ, എപി സുന്നികൾ മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ആചാരങ്ങളിൽ മാറ്റം വരുത്താനാവില്ലെന്ന് ഇ.കെ വിഭാഗം നിലപാടറിയിക്കുമ്പോൾ, സ്ത്രീപ്രവേശന വിഷയത്തോട് പ്രതികരിക്കാൻ എപി സുന്നികൾ തയ്യാറായിട്ടില്ല.