പുതിയ നിയമനങ്ങൾ ഇനി മാർക്കടിസ്ഥാനത്തിൽ, നിബന്ധനകൾ കർശനമാക്കി കുവൈത്ത്

കുവൈറ്റ്: കുവൈറ്റിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് തിരിച്ചടിയായി പുതിയ നീക്കവുമായി അധികൃതർ. കുവൈത്തിൽ തൊഴിൽ പെർമിറ്റ് ലഭിക്കാനും പുതുക്കാനും യോഗ്യതാ പരീക്ഷകളുടെ മാർക്ക് മാനദണ്ഡമാക്കാനാണ് മാൻ പവർ അതോരിറ്റിയുടെ നീക്കം. യോഗ്യതാ പരീക്ഷയിൽ വിജയിക്കുന്നവരെ മാത്രം രാജ്യത്ത് ജോലിക്ക് എടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അധികൃതരുടെ പുതിയ തീരുമാനം.

ഉയർന്ന മാർക്ക് കരസ്ഥമാക്കാത്ത വിദേശി ബിരുദധാരികൾക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കുന്നതും നിർത്തലാക്കിയേക്കുമെന്നാണ് സൂചന. ഇതിനായി സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ നിർബന്ധമാക്കാനും തീരുമാനമായിട്ടുണ്ട്. രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളിൽ ഏറെപ്പേരും തൊഴിൽ വൈദഗ്ദ്യമുള്ളവരോ വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ചവരോ അല്ലെന്ന അതോരിറ്റിയുടെ കണ്ടെത്തലിനെ തുടർന്നാണ് പ്രവാസികൾക്ക് തിരിച്ചടിയായി അധികൃതരുടെ പുതിയ നടപടി. തൊഴിൽ വൈദഗ്ദ്യമുള്ളവരെ മാത്രം ജോലികളിൽ നിയമിക്കാനാണ് മാൻ പവർ അതോറിറ്റിയുടെ നീക്കം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ തീരുമാനങ്ങൾ വരും നാളുകളിൽ ഉണ്ടായേക്കുമെന്നാണ് സൂചന. വിസക്കച്ചവടം നിയന്ത്രിക്കുക, യോഗ്യതകളില്ലാത്ത തൊഴിലാളികളുടെ വരവ് കുറക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ മുൻനിർത്തിയുള്ള പുതിയ ഉത്തരവുകൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.