ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധനാ ഹർജികൾ ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

ഡൽഹി: ശബരിമലയിൽ സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി വിധിക്കെതിരായ പുന:പരിശോധനാ ഹർജികൾ ഉടൻ പരിഗണിക്കാനാവില്ലെന്ന് സുപ്രിംകോടതി. ദേശീയ അയ്യപ്പ ഭക്ത സംഘം സമർപ്പിച്ച പുനപ്പരിശോധന ഹർജിയാണ് അടിയന്തിര സ്വഭാവത്തോടെ പരിഗണിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ് വ്യക്തമാക്കിയത്.നടപടി ക്രമങ്ങൾ പ്രകാരം മാത്രമെ ഹർജികൾ പരിഗണിക്കാൻ സാധിക്കുകയുള്ളു എന്നും കോടതി വ്യക്തമാക്കി. പൂജ അവധിക്ക് മുമ്പ് തന്നെ ഹർജി പരിഗണിക്കണമെന്ന ഹർജിക്കാരൻറെ ആവശ്യം സുപ്രിം കോടതി തള്ളുകയായിരുന്നു.

ഹർജി അടിയന്തര സ്വഭാവത്തോടെ പരിഗണിക്കണമെന്നും നിരവധി ആളുകളാണ് ഈ വിധിക്കെതിരെ തെരുവിൽ ഇറങ്ങുന്നതെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത്തരം വിഷയങ്ങൾ പരിഗണിക്കാൻ കോടതി തയ്യാറായില്ല. എൻഎസ്എസും പന്തളം രാജകുടുംബവും അടക്കം നാല് പേരാണ് ഇതുവരെ ഹർജികൾ സമർപ്പിച്ചിട്ടുള്ളത്‌. വരും ദിവസങ്ങളിൽ ഹൈന്ദവ സംഘടനകളുടെ കൂടുതൽ പുനപ്പരിശോധന ഹർജികൾ എത്തുമെന്നാണ് അറിയുന്നത്.